മലപ്പുറം സ്വലാത്ത് നഗറിൽ ആത്മീയ സംഗമം 17ന്
text_fieldsതിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ റമദാന്‍ പ്രാർഥനസംഗമം ഏപ്രിൽ 17ന് മലപ്പുറം ജില്ലയിലെ സ്വലാത്ത് നഗറില്‍ നടക്കുമെന്ന് മഅ്ദിന്‍ ചെയര്‍മാനും കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അറിയിച്ചു. റമദാൻ 27-ാം രാവിലാണ് ആത്മീയ കൂട്ടായ്മ. മലപ്പുറം സ്വലാത്ത് നഗറിലെ മഅ്ദിന്‍ അക്കാദമിയാണ് സംഗമം സംഘടിപ്പിക്കുന്നത്.
ലഹരി വിപത്തിനെതിരെ കൂട്ടായ്മ ഒന്നിച്ച് പ്രതിജ്ഞയെടുക്കും. 50 ലക്ഷം ആളുകളിലേക്ക് ലഹരിവിരുദ്ധ സന്ദേശമെത്തിക്കുന്നതിന്റെ ഉദ്ഘാടനവും നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വിഘടന-വിധ്വംസക പ്രവര്‍ത്തനങ്ങളുടെ വിപത്തിനെപ്പറ്റിയുള്ള ബോധവത്കരണവും നടക്കും. മഅ്ദിന്‍ കാമ്പസില്‍ എല്ലാമാസവും സംഘടിപ്പിക്കുന്ന സ്വലാത്ത് പ്രാർഥന സംഗമത്തിന്റെ വാര്‍ഷിക വേദി കൂടിയാണിത്.
സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ അഖിലേന്ത്യ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങള്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി എന്നിവര്‍ പ്രഭാഷണം നടത്തും. സമ്മേളനത്തിനെത്തുന്നവര്‍ക്ക് സ്വലാത്ത് നഗറില്‍ സമൂഹ ഇഫ്താര്‍ ഒരുക്കും. എ. സൈഫുദ്ദീന്‍ ഹാജി, സിദ്ദീഖ് സഖാഫി നേമം, സൈനുദ്ദീന്‍ നിസാമി, കുന്ദമംഗലം, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

