അമിതവേഗത: അപകടമേഖലയായി കടന്നമണ്ണ പ്രദേശം
text_fieldsമങ്കട: വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാൻ സംവിധാനം ഇല്ലാത്തതിനാൽ കടന്നമണ്ണ പ്രദേശത്ത് വാഹനാപകടങ്ങളും മരണങ്ങളും പതിവാകുന്നു. കഴിഞ്ഞദിവസം ഗ്രാമപഞ്ചായത്ത് അംഗം നസീറ മരണപ്പെട്ടത് അടക്കം ഏതാനും വർഷങ്ങളായി കടന്നമണ്ണ-വെള്ളില പ്രദേശത്തിനിടയിൽ നിരവധി വാഹന അപകടങ്ങളും മരണങ്ങളുമാണ് ഉണ്ടായത്.
കടന്നമണ്ണ പള്ളിപ്പടിയിൽ റോഡിലൂടെ നടന്നുപോയ കളത്തിൽ യൂസഫ്, പഞ്ചായത്ത് പടിയിൽ മേലോട്ടുംകാവിൽ രാധാകൃഷ്ണൻ, വാർഡംഗം നസീറ എന്നിവർ വ്യത്യസ്ത സംഭവങ്ങളിൽ വാഹനം ഇടിച്ചുമരിച്ചതുൾപ്പെടെ കടന്നമണ്ണ മൃഗാശുപത്രിക്കും ആയിരനാഴിപ്പടിക്കും ഇടയിലുള്ള ഏകദേശം ഒന്നര കിലോമീറ്റർ റോഡിലാണ് അപകട മരണങ്ങൾ നടന്നത്.
സംസ്ഥാനപാത 39 നിലമ്പൂർ-പെരുമ്പിലാവ് റോഡിൽ ആനക്കയം-തിരൂർക്കാട് റോഡിനിടയിൽ മൃഗാശുപത്രിയുടെ വളവു കഴിഞ്ഞാൽ ആയിരനാഴിപ്പടി എത്തുന്നത് വരെയുള്ള ഭാഗത്തെ റോഡ് അധികം കയറ്റങ്ങളോ വലിയ വളവുകളോ ഇല്ലാത്ത നേരെയുള്ള റോഡാണ്. അതിനാൽ ഈ പ്രദേശങ്ങളിലൂടെ അമിതവേഗതയിലാണ് വാഹനങ്ങൾ കടന്നു പോകുന്നത്.
കഴിഞ്ഞ വർഷങ്ങളിലായി കാറ്, ബൈക്ക്, ലോറി തുടങ്ങിയ വാഹനങ്ങൾ ഇടിച്ചുണ്ടായ നിരന്തര അപകടങ്ങളെയും മരണങ്ങളെയും തുടർന്ന് ഈ പ്രദേശങ്ങളിൽ വേഗത നിയന്ത്രിക്കാൻ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും സൂചന ബോർഡുകൾ സ്ഥാപിക്കണമെന്നും പ്രദേശത്തെ ക്ലബുകളും രാഷ്ട്രീയ സംഘടനകളും മറ്റു സന്നദ്ധപ്രവർത്തകരും ആവശ്യപ്പെട്ടിരുന്നു. ഗ്രാമപഞ്ചായത്ത് എം.എൽ.എ, പൊതുമരാമത്ത് മന്ത്രി എന്നിവർക്ക് നിവേദനങ്ങളും നൽകിയിരുന്നു. എന്നാൽ അധികൃതർ ഇതൊന്നും ചെവിക്കൊണ്ടില്ല. പിന്നീട് ചില സ്ഥലങ്ങളിൽ നാട്ടുകാർ ഇടപെട്ട് റോഡിൽ താൽക്കാലിക വരമ്പുകൾ സ്ഥാപിച്ചിരുന്നെങ്കിലും അതും പ്രയോജനപ്രദമായില്ല.
ഏറ്റവും ഒടുവിൽ രണ്ടാഴ്ച മുമ്പ് മേലാറ്റൂർ എ.ഇയെ വിളിച്ച് റോഡിലെ അമിതവേഗത നിയന്ത്രിക്കാൻ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. റോഡ് ശരിയായ രീതിയിൽ അറ്റകുറ്റപ്രവൃത്തികൾ നടത്താത്തതും അശാസ്ത്രീയമായ വളവുകളും കയറ്റങ്ങളും നേരെയാക്കാത്തതും ആനക്കയം-തിരൂർക്കാട് റോഡിൽ അപകട ഭീഷണിയേറ്റുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

