പാട്ടുപാടി ജയിപ്പിക്കാം
text_fieldsമഞ്ചേരി വോക്സ് സ്റ്റുഡിയോസിലെ ഗായകർ സെൽഫിയെടുക്കുന്നു
മലപ്പുറം: തെരഞ്ഞെടുപ്പ് അടുത്തതോടെ റെക്കോഡിങ് സ്റ്റുഡിയോയിൽ നേരം പുലരും വരെ പാട്ടിന്റെ തിരക്ക്. സ്ഥാനാർഥികൾക്ക് അവർ ഇഷ്ടപ്പെടുന്ന ട്രാക്കുകളിൽ പാട്ടും അനൗൺസ്മെന്റും ഒരുക്കി കൊടുക്കുന്ന തിരക്കുകളിലാണ് റെക്കോഡിങ് സ്റ്റുഡിയോകൾ. രാവിലെ ഒമ്പതോടെ തുടങ്ങിയാൽ പുലർച്ചെ മൂന്ന്, നാല് വരെ പാട്ട് അങ്ങനെ നീളും. ഒരു ഗാനം സ്റ്റുഡിയോയിൽ പാടി എഡിറ്റ് ചെയ്ത് ലഭിക്കാൻ ഏകദേശം അര മണിക്കൂർ മുതൽ മുക്കാൽ മണിക്കൂർ വരെ സമയമെടുക്കും.
ഒന്നോ രണ്ടോ സൗണ്ട് എൻജിനീയർമാർ ഇതിനായി തന്നെ തയാറായി ഇരിപ്പാണ്. റെക്കോഡിങ് സ്റ്റുഡിയോകളെ സംബന്ധിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് കാലം സീസൺ കൂടിയാണ്. ഓരോ വാർഡുകളിൽ നിന്നും വിവിധ മുന്നണികളുടെയും സ്വതന്ത്രരുടെയും അടക്കം നിരവധി ഓർഡറുകളാണ് ലഭിക്കുന്നത്. പലയിടത്തും സ്ഥാനാർഥികളുടെ അന്തിമ പട്ടിക വരാനുണ്ട്. ഇവ കൂടി എത്തുന്നതോടെ പാട്ട് തേടി വരുന്നവരുടെ എണ്ണം കൂടും. പഴയതും പുതിയതുമടക്കം എല്ലാതരം ചലച്ചിത്ര ഗാനങ്ങൾക്കും നല്ല ഡിമാന്റുണ്ട്. മാപ്പിളപ്പാട്ടുകളും ഇക്കാര്യത്തിൽ മുമ്പിൽ തന്നെ.
മികച്ച ഗാനരചയിതാവ് എഴുതിയ വരികൾക്ക് സ്ഥാനാർഥികൾ ആവശ്യപ്പെടുന്ന ഗായകരെ കൊണ്ട് പാടിച്ചാണ് പാട്ട് പുറത്തിറക്കുന്നത്. സ്ഥാനാർഥികളുടെ ഡിമാന്റുകൾക്ക് അനുസരിച്ച് സ്റ്റുഡിയോകൾക്ക് നൽകേണ്ട തുകയിലും മാറ്റമുണ്ടാകും. എ.ഐ വീഡിയോകൾക്കും നല്ല ഡിമാന്റുണ്ട്. സ്റ്റുഡിയോകളുടെ നിലനിൽപ്പിന് തെരഞ്ഞെടുപ്പ് വലിയ ആശ്വാസമാണെന്ന് കോട്ടക്കൽ ലുമിക്സ് അഡ്വാൻസ്ഡ് ഓഡിയോ ആൻഡ് മീഡിയ ഉടമയും അനൗൺസറുമായ റാഷിദ് കോട്ടക്കൽ പറഞ്ഞു.
കോട്ടക്കലിലെ സ്റ്റുഡിയോയിൽ തെരഞ്ഞെടുപ്പ് ഗാനത്തിന്റെ റെക്കോഡിങ് പുരോഗമിക്കുന്നു
സ്റ്റുഡിയോകൾക്ക് ചാകരക്കാലം
മഞ്ചേരി: തെരഞ്ഞെടുപ്പ് കാലം റെക്കോഡിങ് സ്റ്റുഡിയോകൾക്കും ചാകരക്കാലമാണ്. സമൂഹമാധ്യമങ്ങൾ നിറഞ്ഞുനിൽക്കുന്ന ഇക്കാലത്ത് സ്ഥാനാർഥിയായാൽ മാത്രം പോര. പിടിച്ച് നിൽക്കാൻ നല്ല ഗാനങ്ങളും അനൗൺസ്മെന്റുകളും ഒപ്പം വേണം.
തെരഞ്ഞെടുപ്പ് പെരുമ്പറ മുഴങ്ങിയതോടെ മഞ്ചേരി വായ്പ്പാറപ്പടിയിലെ വോക്സ് സ്റ്റുഡിയോസ് ഇപ്പോൾ രാപ്പകൽ വ്യത്യാസമില്ലാതെ 24 മണിക്കൂറും പ്രവർത്തിക്കുകയാണ്. സംഗീത സംവിധായകൻ സാദിഖ് പന്തല്ലൂരിന്റെ നേതൃത്വത്തിലുള്ള ഒരുപിടി മികച്ച ഗായകരുടെ സംഘമാണ് സ്റ്റുഡിയോയിലെ അണിയറക്ക് പിന്നിൽ.
സമൂഹ മാധ്യമങ്ങളിൽ ഹിറ്റായ ഗാനങ്ങൾക്ക് പുറമെ സ്വന്തം നിലക്ക് പാട്ടുകൾ രചിച്ച് സംഗീതം നൽകിയും ഇവർ പുറത്തിറക്കുന്നു. ഇതിനകം വിവിധ ജില്ലകളിലെ സ്ഥാനാർഥികൾക്കായി 400ലധികം പാട്ടുകൾ ഇവർ പുറത്തിറക്കി. സ്ഥാനാർഥിയുടെ പേരും ചിഹ്നവും പാർട്ടിയും വികസന പ്രവർത്തനങ്ങളും വിമർശനങ്ങളും ഉൾപ്പെടുത്തിയാണ് ഗാനങ്ങൾ രചിക്കുന്നത്.
സാദിഖ് തന്നെയാണ് വരികളും എഴുതുന്നത്. ഇതിന് പുറമെ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞുള്ള അനൗൺസ്മെന്റുകളും ഇവർ തയാറാക്കുന്നു. മീര മഞ്ചേരി, ഹർഷ, ശിഹാബ് പൂക്കൊളത്തൂർ, ആയിഷ നിഹ്മ എന്നിവരടങ്ങുന്ന സംഘമാണ് ഗായകരായി ഉള്ളത്.
കെ.ടിയുടെ പാട്ടുകൾക്ക് അമ്പതിന്റെ സ്വരമാധുരി
തിരുനാവായ: അരനൂറ്റാണ്ടിലേറെക്കാലമായി സ്ഥാനാർഥികൾക്ക് ഇമ്പമാർന്ന രാഷ്ട്രീയ ഗാനങ്ങൾ തയാറാക്കിക്കൊടുക്കുന്ന ഗായകൻ കെ.ടി. മുഹമ്മദിന് തെരഞ്ഞെടുപ്പ് കാലം പൂക്കാലമാണ്. ആവശ്യപ്പെടുന്ന ഏത് രാഷ്ട്രീയക്കാർക്കും നിറവും തരവും നോക്കാതെ പാട്ടെഴുതി ട്യൂൺചെയ്ത് റെക്കോഡാക്കിക്കൊടുക്കാൻ കെ.ടിയുടെ കഴിവ് ഒന്നുവേറെ തന്നെയാണ്.
കെ.ടി. മുഹമ്മദ്
കമ്പ്യൂട്ടർ യുഗം വന്നതോടെ ചുരുങ്ങിയ ചെലവിൽ പലരും പുതിയ സാങ്കേതിക വിദ്യകൾ തേടിപ്പോകുന്നതിനാൽ മുമ്പത്തെപ്പോലുള്ള തിരക്കില്ലെന്ന് പട്ടർനടക്കാവിലെ മോയിൻകുട്ടി വൈദ്യർ സ്മാരക കെ.ടി.എം മ്യൂസിക് സ്കൂൾ ഡയറക്ടർ കൂടിയായ കെ.ടി. മുഹമ്മദ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

