പരിഹാരം, മധ്യസ്ഥതയിലൂടെ; കോടതിയിൽ കെട്ടിക്കിടക്കുന്ന കേസുകൾ മധ്യസ്ഥതയിലൂടെ തീർപ്പാക്കുന്ന കാമ്പയിന് ജില്ലയിൽ തുടക്കം
text_fieldsമലപ്പുറം: കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾ മധ്യസ്ഥതയിലൂടെ തീർപ്പാക്കുന്ന കാമ്പയിന് ജില്ലയിൽ തുടക്കം. നീണ്ടുപോകുന്ന കോടതി നടപടികൾ ഒഴിവാക്കി മധ്യസ്ഥതയിലൂടെ പരമാവധി കേസുകൾ തീർപ്പാക്കാൻ ‘മീഡിയേഷൻ ഫോർ ദ നാഷൻ’എന്നപേരിൽ സുപ്രീം കോടതിയാണ് കാമ്പയിൻ തുടങ്ങിയത്. നാഷനൽ ലീഗൽ സർവിസ് അതോറിറ്റിയാണ് ദേശീയാടിസ്ഥാനത്തിൽ കാമ്പയിൻ നടപ്പാക്കുന്നതെന്ന് സീനിയർ സിവിൽ ജഡ്ജി ഷാബിർ ഇബ്രാഹീം പറഞ്ഞു.
മൂന്നാഴ്ചക്കിടെ ആയിരത്തിലധികം കേസുകൾ മധ്യസ്ഥ കേന്ദ്രത്തിലേക്ക് മാറ്റി നൂറിലേറെ കേസുകളാണ് ജില്ലയിൽ തീർപ്പാക്കിയത്. മധ്യസ്ഥതക്ക് സാധ്യതയുള്ള കേസുകൾ അഭിഭാഷകർക്ക് കോടതിയെ അറിയിക്കാം. ആ കേസുകൾ മധ്യസ്ഥ കേന്ദ്രത്തിലേക്ക് മാറ്റും. അവിടെ ചുമതലയുള്ള മധ്യസ്ഥൻ ഇരുവിഭാഗത്തെയും വിളിച്ചുവരുത്തി തീർപ്പാക്കുന്നതാണ് രീതി. ജൂലൈ ഒന്ന് മുതൽ സെപ്റ്റംബർ 30 വരെയാണ് കാമ്പയിൻ. ഈ മാസം 30 വരെ കേസുകൾ മധ്യസ്ഥ കേന്ദ്രത്തിലേക്ക് മാറ്റാം.
സെപ്റ്റംബർ 30നകം എല്ലാ കേസുകളും തീർപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. വാഹനപകട നഷ്ടപരിഹാരം കേസുകൾ, കുടുംബ കോടതിയിലെ കേസുകൾ, ചെക്കുകേസുകൾ, വിവിധ സിവിൽ കേസുകൾ തുടങ്ങിയ മധ്യസ്ഥ സാധ്യതയുള്ളവയാണ് ഈ കേന്ദ്രത്തിലേക്ക് മാറ്റുക. അതിനായി അമ്പതിലധികം അഭിഭാഷകരെ ഉൾപ്പെടുത്തി മധ്യസ്ഥ പാനൽ രൂപവത്കരിച്ചു.
ഇത്തരം കേസുകളിൽ അപ്പീലിന് പോകുന്ന സാഹചര്യമുണ്ടാകില്ല
ഇരു വിഭാഗവും അംഗീകരിച്ച് തീർപ്പാക്കുന്നതിനാൽ ഇത്തരം കേസുകളിൽ പിന്നീട് അപ്പീലിന് പോകുന്ന സാഹചര്യമുണ്ടാകില്ലെന്ന് സീനിയർ സിവിൽ ജഡ്ജി ഷാബിർ ഇബ്രാഹീം പറഞ്ഞു. കുടുംബ കോടതിയിലുള്ള കേസുകളിൽ കൂടുതൽ മധ്യസ്ഥ സാധ്യതകളുണ്ടെന്ന് മലപ്പുറം കുടുംബ കോടതി ജഡ്ജി കെ.പി. സുനിത പറഞ്ഞു. മീഡിയേഷൻ ഫോർ ദ നാഷൻ കാമ്പയിനിലൂടെ പുഴക്കാട്ടിരി കളരിക്കൽ വി.കെ. സന്തോഷിന് ആവശ്യപ്പെട്ടതിലും കൂടുതൽ നഷ്ടപരിഹാരമാണ് കിട്ടിയത്. വാഹനാപകടത്തിൽ പരിക്കേറ്റ സന്തോഷ് ഇൻഷൂറൻസ് ക്ലൈമായി മൂന്ന് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.
തീർപ്പായി കിട്ടിയത് 4,20,000 രൂപയും. 2024 ഏപ്രിൽ 22ന് പെരിന്തൽമണ്ണയിലായിരുന്നു അപകടം. സന്തോഷ് ബൈക്കിൽ പോകുന്നതിനിടെ കാറിടിക്കുകയായിരുന്നു. വലത് കൈ പൊട്ടി 10 മാസം ജോലിക്ക് പോകാൻ കഴിഞ്ഞില്ല. മഞ്ചേരി വാഹനപകട നഷ്ടപരിഹാര ട്രിബ്യൂണലിൽ കേസ് ഫയൽ ചെയ്തിട്ട് ഒരുവർഷം പൂർത്തിയായിട്ടില്ല. ബുധനാഴ്ച അഡ്വ. മുഹമ്മദ് റാഫി മധ്യസ്ഥനായാണ് തീർപ്പാക്കിയത്. ഒരു മാസത്തിനകം ഇൻഷുറൻസ് കമ്പനി 4.20 ലക്ഷം കൈമാറണം. അപകട ക്ലൈം കേസ് കൊടുത്ത ശേഷവും ഭേദഗതി ചെയ്യാൻ അവസരമുണ്ട്. അതുകൂടി കണക്കിലെടുത്ത് കൂടുതൽ നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് മനസ്സിലാക്കിയാണ് തുക കൂട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

