സമൂഹമാധ്യമം വഴി പരിചയപ്പെട്ട 14കാരിയിൽനിന്ന് അഞ്ചരപവന്‍ സ്വർണ മാല തട്ടിയ പ്രതി പിടിയിൽ
text_fieldsവളാഞ്ചേരി: സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയില്‍ നിന്ന് സ്വര്‍ണ മാല തട്ടിയെടുത്ത കേസില്‍ 21 കാരനെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ചമ്രവട്ടം സ്വദേശി തൂമ്പില്‍ മുഹമ്മദ് അജ്മലിനെയാണ് അറസ്റ്റ് ചെയ്തത്. പ്രണയം നടിച്ച് അഞ്ചരപവന്‍ സ്വര്‍ണ മാലയാണ് പ്രതി തട്ടിയെടുത്തത്. സ്നാപ്ചാറ്റ് വഴിയാണ് പ്രതി ജൂലൈ നാലിന് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് വിവാഹവാഗ്ദാനം നല്കിയ യുവാവിന് പെണ്‍കുട്ടി നഗ്നഫോട്ടോയും അയച്ചു കൊടുത്തു. തുടര്‍ന്ന് പിതാവ് ജ്വല്ലറി വ്യാപാരിയാണെന്നും മാലയുടെ ചിത്രം അയച്ചുതന്നാല്‍ പുതിയ മോഡലിലുള്ള മാല പണിയിച്ചു നല്‍കാമെന്നും വാഗ്ദാനം ചെയ്തപ്പോള്‍ പെണ്‍കുട്ടി സ്വന്തം മാലയുടെ ചിത്രം അയച്ചു കൊടുത്തു.
എന്നാല്‍ ഇത് ചെറുതാണെന്നും വലിയ മാലയാണെങ്കില്‍ അതിലും വലിയ മാല വാങ്ങിച്ചുനല്കാമെന്നും വാഗ്ദാനം നല്കി. തുടര്‍ന്നാണ് കുട്ടി ഉമ്മയുടെ മാല കൈക്കലാക്കി ചിത്രം അയച്ചു കൊടുത്തത്. ഇതോടെ മാല നേരില്‍ കണ്ടാല്‍ മാത്രമേ മോഡല്‍ മനസ്സിലാകൂ എന്ന് പറഞ്ഞതനുസരിച്ച് പ്രതിക്ക് പെൺകുട്ടി ലൊക്കേഷന്‍ അയച്ചു കൊടുത്തു. വീട്ടിലെത്തിയ അജ്മലിന് പെണ്‍കുട്ടി ജനലിലൂടെ മാല നല്കി. അപ്പോൾ തന്നെ പ്രതി മാലയുമായി മുങ്ങുകയും ചെയ്തു. മാലയുമായി കടന്നു കളഞ്ഞ പ്രതി പിന്നീട് സ്നാപ്ചാറ്റ് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ഒളിവില്‍ പോയി.
വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലായ പെണ്‍കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയും തുടർന്ന് വളാഞ്ചേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സി.സി.ടി.വി കാമറകള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. അജ്മല്‍ കഴിഞ്ഞ വര്‍ഷവും സമാനമായ കേസില്‍ പിടിയിലായിരുന്നു. അന്ന് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കല്പകഞ്ചേരി സ്വദേശിനിയാണ് തട്ടിപ്പിനിരയായത്.
ഈ കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ച് ഇറങ്ങിയതിനു പിന്നാലെയാണ് പുതിയ തട്ടിപ്പ്. പ്രതിക്കെതിരെ കല്പകഞ്ചേരി, തിരൂര്‍ പൊലീസ് സ്റ്റേഷനുകളിലും സമാനമായ കേസുണ്ട്. മലപ്പുറം ജില്ല പൊലീസ് മേധാവി ആര്. വിശ്വനാഥന്, തിരൂര്‍ ഡിവൈ.എസ്.പി എ.ജെ. ജോണ്സണ് എന്നിവരുടെ നിര്‍ദേശപ്രകാരം വളാഞ്ചേരി എസ്.എച്ച്.ഒ ബഷീര്‍ സി. ചിറക്കലാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.സി.പി.ഒമാരായ ഷൈലേഷ്, പി. സജുകുമാര്‍ എന്നിവരും ഡാന്‍സാഫ് സംഘവും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

