‘മാറ്റിവെച്ചത് ഒരു ചായ, തുണയായത് ഒരു ശസ്ത്രക്രിയക്ക്’
text_fieldsഎടപ്പാൾ: നമ്മുടെ ദൈനംദിന ജീവിതത്തിലെ ചെറിയൊരു സന്തോഷം മാറ്റിവെച്ചാൽ അത് മറ്റൊരാളുടെ ജീവിതത്തിൽ വലിയൊരു വെളിച്ചമാകും എന്ന് തെളിയിക്കുകയാണ് എടപ്പാൾ മലബാർ ഡെന്റൽ കോളജ് ആൻഡ് റിസർച്ച് സെന്ററിലെ നാഷനൽ സർവിസ് സ്കീം യൂനിറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘സ്കിപ്പ് എ ടീ’ എന്ന പ്രതിമാസ ക്രൗഡ് ഫണ്ടിങ്. പദ്ധതിയിലൂടെ ആദ്യ മാസം സമാഹരിച്ച 40,325 രൂപ ചികിത്സാ സഹായമായി കൈമാറി.
ഒരു നേരത്തെ ചായ ഒഴിവാക്കി ആ തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കുക എന്ന കോളേജ് പ്രിൻസിപ്പൽ ഡോ. സുധ എസ്. മുന്നോട്ടുവെച്ച മഹത്തായ ആശയമാണ് ഈ പദ്ധതിക്ക് പിന്നിൽ. എൻ.എസ്.എസ് പ്രോഗ്രാം കോഓഡിനേറ്ററും പബ്ലിക് ഹെൽത്ത് ഡെന്റിസ്ട്രി വിഭാഗം മേധാവിയുമായ ഡോ. അബ്ദുൽ സഹീറിന്റെ മേൽനോട്ടത്തിൽ കോളജിലെ എൻ.എസ്.എസ് യൂനിറ്റാണ് പദ്ധതി പ്രാവർത്തികമാക്കിയത്. എല്ലാ മാസവും കോളേജിലെ അധ്യാപകരിൽ നിന്നും ജീവനക്കാരിൽ നിന്നും വിദ്യാർഥികളിൽ നിന്നും സമാഹരിക്കുന്ന തുക, ഏറ്റവും അർഹരായ നിർധന കുടുംബങ്ങൾക്ക് നേരിട്ട് എത്തിച്ചു നൽകുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

