മലപ്പുറത്ത് കടകളിൽ മിന്നൽ പരിശോധന
text_fieldsമഞ്ചേരിയിലെ വഴിയോര കച്ചവടകേന്ദ്രത്തിൽ നഗരസഭ
ആരോഗ്യവിഭാഗം പരിശോധന നടത്തുന്നു
മലപ്പുറം: റമദാനിലെ രാത്രികാല സോഡ-അച്ചാർ-മസാല വിഭവ കച്ചവട കേന്ദ്രങ്ങളിൽ മലപ്പുറം നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന. കിഴക്കത്തല, മച്ചിങ്ങൽ ഭാഗങ്ങളിലാണ് രാത്രി 8.15ഓടെ പരിശോധന നടത്തിയത്. പ്രദേശത്തെ മൂന്ന് കച്ചവട സ്ഥാപനങ്ങൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകി.
ഹാനികരമായ പദാർഥങ്ങൾ ഉപയോഗിച്ചുള്ള അച്ചാർ-മസാല വിൽപ്പന അധികൃതർ നിർത്തിവെപ്പിച്ചു.ലൈസൻസുള്ള സ്ഥാപനങ്ങൾക്ക് ലൈസൻസ് പ്രകാരമുള്ള സാധനങ്ങൾ വിൽക്കാനുള്ള അനുമതിയുണ്ട്. മുന്നറിയിപ്പ് മറികടന്ന് അനുമതിയില്ലാത്തവ വിൽപ്പന നടത്തിയാൽ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വരും ദിവസങ്ങളിൽ കടകൾ പ്രവൃത്തിച്ചാൽ ഭക്ഷ്യസുരക്ഷ വകുപ്പുമായി ചേർന്ന് പരിശോധന നടത്തി നിയമനടപടി സ്വീകരിക്കും.പരിശോധനക്ക് നഗരസഭ ഹെൽത്ത് സൂപ്പർവൈസർ വി.സി. ബാലസുബ്രമണ്യൻ, ഹെൽത്ത് ഇൻസ്പെക്ടർ സി. രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
പരിശോധനയുമായി ആരോഗ്യവകുപ്പ്
മഞ്ചേരി: നഗരത്തിൽ രാത്രികളിൽ ഉപ്പിലിട്ടതും സോഡ പാനീയങ്ങളും വിൽപന നടത്തുന്ന വഴിയോര കേന്ദ്രങ്ങളിൽ നഗരസഭ ആരോഗ്യവകുപ്പിന്റെ പരിശോധന. ചെയർപേഴ്സൻ വി.എം. സുബൈദ, സെക്രട്ടറി എച്ച്. സിമിയുടെ എന്നിവരുടെ നിർദേശപ്രകാരം മഞ്ചേരി ഗേൾസ് സ്കൂളിന് സമീപത്തുള്ള കടകൾ, തുറക്കൽ, കിഴക്കേത്തല എന്നിവിടങ്ങളിലായി 13 ഇടത്താണ് പരിശോധന നടത്തിയത്. രാത്രി 8.30ന് ആരംഭിച്ച പരിശോധന 11 വരെ നീണ്ടു.
മാങ്ങ, പൈനാപ്പിൾ തുടങ്ങിയവ ഉപ്പിലിട്ടും മസാലകൾ ചേർത്തുമാണ് വിൽപന നടത്തുന്നത്. ഇതിനുപുറമെ മസാല സോഡകളും ഉണ്ട്.ഇവ പുറത്ത് വൃത്തിഹീനമായി സൂക്ഷിക്കുന്നത് ഒഴിവാക്കണമെന്ന് കർശന നിർദേശം നൽകി. കൂടാതെ പേപ്പർ ഗ്ലാസുകളും പ്ലാസ്റ്റിക് വസ്തുക്കളും മറ്റും ഒഴിവാക്കണം. ഐസ് പാക്കറ്റുകൾ സുരക്ഷിത സ്ഥലത്തുനിന്നാണോ എത്തിക്കുന്നതെന്നും പരിശോധിച്ചു.
മസാല ചേർത്ത മാങ്ങകളും മറ്റും മൂടിവെക്കാനും നിർദേശിച്ചു. പ്ലാസ്റ്റിക് ഉപയോഗിക്കുന്നതും വൃത്തിഹീനമായ സാഹചര്യവും കണ്ടെത്തിയാൽ ഇവർക്ക് പിഴ ഈടാക്കുമെന്ന് ഹെൽത്ത് സൂപ്പർവൈസർ പി. അബ്ദുൽ ഖാദർ അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സി.എസ്. ബിജു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി. നസ്റുദ്ദീൻ, ഡ്രൈവർ ജയേഷ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

