തെലങ്കാനയിൽനിന്ന് ഷൂട്ടർമാർ എത്തി;വാഴയൂരിൽ കാട്ടുപന്നികളെ കൊന്നു
text_fieldsവാഴയൂരിൽ കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊന്നപ്പോൾ
വാഴയൂർ: ഗ്രാമപഞ്ചായത്ത് പരിധിയിൽ കാർഷികവിളകൾ നശിപ്പിച്ച കാട്ടുപന്നികളെ വെടിവെച്ചു കൊന്നുതുടങ്ങി.വർഷങ്ങളായി കർഷകർ പല മാർഗങ്ങളും പരീക്ഷിച്ചെങ്കിലും ഒന്നും വിജയം കാണാതെ വന്നതോടെയാണ് ഗ്രാമപഞ്ചായത്തിന്റെയും കർഷകരുടെയും പുതിയ തീരുമാനം.
കോടഞ്ചേരി പഞ്ചായത്തിൽ തെലങ്കാനായിൽ നിന്നുള്ള ഷൂട്ടർമാർ വന്നതറിഞ്ഞതോടെ വാഴയൂർ പഞ്ചായത്ത് അവരുമായി സംസാരിച്ചു. ഡിസംബറിൽ കർഷകരുടെ യോഗം വിളികുകയും പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ തെലങ്കാനയിലെ ഷൂട്ടർമാരുമായി സംസാരിച്ച് വെടിവെക്കാനുള്ള ഉത്തരവ് നൽകുകയായിരുന്നു.
സംഘം വാഴയൂർ പഞ്ചായത്തിലെ വിവിധ കൃഷിയിടങ്ങളിൽ രാത്രിയിൽ തിരച്ചിൽ നടത്തുകയും പന്നികളെ വെടിവെച്ച് വീഴ്ത്തുകയും ചെയ്തു. പഞ്ചായത്തിലെ കാടേപാടം, പൊന്നേപാടം പ്രദേശങ്ങളിൽ നിന്നാണ് കൊന്നത്. വരും ദിവസങ്ങളിൽ മറ്റു പ്രദേശങ്ങളിൽനിന്നും പന്നികളെ വെടിവെച്ച് കൊന്നാലേ ശാശ്വത പരിഹാരം ഉണ്ടാവു എന്ന് കർഷകർ പറയുന്നു.

