ഷിഗല്ല: മൂന്നിയൂരിൽ ഹോട്ടലുകളിലും ബേക്കറികളിലും മിന്നൽ പരിശോധന
text_fieldsമൂന്നിയൂർ ഗ്രാമപഞ്ചായത്തിലെ വിവിധ ഭക്ഷ്യവിൽപന കേന്ദ്രങ്ങളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു
തിരൂരങ്ങാടി: ഷിഗല്ല രോഗം ബാധിച്ച് ഒരുകുട്ടി മരിച്ചതിനെ തുടർന്ന് രോഗത്തിന്റെ ഉറവിടം കണ്ടുപിടിക്കുന്നതിന്റെ ഭാഗമായി മൂന്നിയൂർ ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ ഒട്ടേറെ നിയമലംഘനങ്ങൾ കണ്ടെത്തി. നെടുവ ഹെൽത്ത് ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ. വാസുദേവൻ തെക്കുവീട്ടിലിന്റെയും ഹെൽത്ത് സൂപ്പർവൈസർ എ.കെ. ഹരിദാസിന്റെയും നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടർമാരായ എം. സവിത, എം.എസ്. അരുൺ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എം. അജിത, ജലീൽ എന്നിവരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.
കട പരിശോധനയിൽ മൂന്നിയൂർ ആലിൻചുവട് അങ്ങാടിയിൽ പ്രവർത്തിക്കുന്ന സഹല ഹോട്ടൽ, സന ബേക്കറി, ഫ്രൂട്സ് ആൻഡ് ബേക്കറി എന്നിവ പരിശോധിച്ചതിൽ ആരോഗ്യകരമല്ലാത്ത സാഹചര്യം കണ്ടെത്തുകയും രണ്ടുദിവസത്തിനുള്ളിൽ പരിഹരിക്കാൻ കർശന നിർദേശങ്ങൾ നൽകുകയും ചെയ്തു. ഫ്രൂട്ട് സ്റ്റാളിൽ ലക്ഷ്മണരേഖ (കൂറ ചോക്ക്), കൊതുക് തിരി മുതലായവ ആഹാര സാധനങ്ങൾ വിൽക്കുന്ന സ്ഥലങ്ങളിൽ ഇടകലർന്ന് വെക്കാൻ പാടില്ലെന്ന് നിർദേശിച്ചു. ഇത്തരം വസ്തുക്കൾ തത്സമയം നീക്കം ചെയ്യിപ്പിച്ചു.
തുറന്നുവെച്ചിരിക്കുന്ന ഭക്ഷണം, മറ്റ് കറികൾ തുടങ്ങിയവ മാലിന്യം കൂട്ടിയിട്ടതും ചിലന്തിവല മൂടിയതുമായ അടുക്കളയിൽ കണ്ടെത്തി.പരിശോധന കൂടുതൽ പ്രദേശത്ത് തുടരുമെന്നും നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ കർശന നിയമനടപടി സ്വീകരിക്കുമെന്നും ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ. വാസുദേവൻ തെക്കുവീട്ടിലും ഹെൽത്ത് സൂപ്പർവൈസർ എ.കെ. ഹരിദാസും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

