കനത്ത വേനൽച്ചൂട്; ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷം
text_fieldsമലപ്പുറം: കനത്ത വേനൽച്ചൂടിൽ ചുട്ടുപൊള്ളി മലപ്പുറം. ഉഷ്ണതരംഗസാധ്യത നിലനിൽക്കുന്നതിനാൽ പകൽ സമയങ്ങളിൽ ആളുകൾ പുറത്തിറങ്ങാൻ മടിക്കുകയാണ്. കാലാവസ്ഥ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയ ജില്ലകളിൽ മലപ്പുറവും ഉൾപ്പെടുന്നു. സാധാരണയേക്കാൾ രണ്ടു മുതൽ മൂന്ന് ഡിഗ്രി വരെ താപനില ഉയർന്നേക്കാമെന്നാണ് മുന്നറിയിപ്പ്. ചൂടു കൂടുന്നതിനൊപ്പം അൾട്രാവയലറ്റ് സൂചികയും പലയിടത്തും അപകടകരമായ നിലയിൽ ഉയരുന്നതും ആശങ്ക സൃഷ്ടിക്കുന്നു. ഉയർന്ന ചൂട് നിർജലീകരണം, സൂര്യാതപം, സൂര്യാഘാതം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കും.
സൂര്യാതപമേൽക്കുന്ന സംഭവങ്ങളും ജില്ലയിൽ വർധിച്ചുവരുന്നുണ്ട്. ഒരാഴ്ചക്കിടെ ഒമ്പതു പേർക്കാണ് സൂര്യാതപമേറ്റത്. കഴിഞ്ഞ ദിവസം മഞ്ചേരിയിൽ രണ്ടു പേർക്ക് സൂര്യാതപമേറ്റിരുന്നു. വ്യാഴാഴ്ച വണ്ടൂരിൽ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസ്സുകാരിക്കും സൂര്യാതപമേറ്റു. ജില്ലയിൽ പലയിടത്തും കിണറുകളും ജലാശയങ്ങളും വറ്റിവരണ്ട് രൂക്ഷമായ കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്. ദൂരസ്ഥലങ്ങളിൽനിന്ന് വെള്ളം കൊണ്ടുവരേണ്ട അവസ്ഥയിലാണ് ജനങ്ങൾ. ചിലയിടങ്ങളിൽ പാർട്ടികളും സന്നദ്ധ സംഘടനകളും ക്ലബുകളും വാഹനങ്ങളിൽ സൗജന്യമായി വെള്ളം എത്തിച്ചുനൽകുന്നുണ്ടെങ്കിലും ആവശ്യത്തിന് തികയുന്നില്ല. ചിലർ കാശുകൊടുത്ത് വെള്ളം വാങ്ങിയാണ് ആവശ്യങ്ങൾ നിറവേറ്റുന്നത്. കാട്ടിലും കനത്ത കുടിവെള്ളക്ഷാമം അനുഭവപ്പെട്ടതോടെ ചാലിയാർ പഞ്ചായത്തിലെ പ്ലാക്കൻചോല ആദിവാസിനഗറിലെ 24 കുടുംബങ്ങൾ കഴിഞ്ഞ ദിവസം കാഞ്ഞിരപ്പുഴയുടെ തീരത്തേക്ക് താമസം മാറ്റിയിരുന്നു.
ജില്ലയിലെ ഏക ജലവൈദ്യുതി പദ്ധതിയായ ആഢ്യൻപാറയിൽ ജലലഭ്യത കുറഞ്ഞതിനാൽ ഉൽപാദനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ചൂട് വർധിച്ചത് കാർഷിക മേഖലയെയും കടുത്ത പ്രതിസന്ധിയിലാക്കി. കനത്ത ജലക്ഷാമം കൂടിയായതോടെ കർഷകർ കൂടുതൽ ദുരിതത്തിലായി. ജില്ലയിൽ ഏക്കർകണക്കിന് പാടങ്ങളാണ് കരിഞ്ഞുണങ്ങി നശിച്ചത്. ഇതുവഴി കർഷകർക്ക് കോടികളുടെ നഷ്ടമാണ് സംഭവിച്ചത്.
വേനൽ കടുത്തതോടെ തീപിടിത്ത കേസുകളിലും വൻ വർധനയുണ്ട്. ഈവർഷം ആദ്യത്തെ മൂന്നു മാസങ്ങളിൽ 490 തീപിടിത്ത കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ ഭൂരിഭാഗവും പുൽക്കാടുകൾക്കും മാലിന്യക്കൂമ്പാരങ്ങൾക്കും തീപിടിച്ച സംഭവങ്ങളാണ്.
പൊതുജനങ്ങൾക്കുള്ള നിർദേശങ്ങൾ
- പകൽ 11 മുതൽ ഉച്ച മൂന്നു വരെ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക
- ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കുക
- ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.
- മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയവ ഒഴിവാക്കുക
- അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
- പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ, കുട, തൊപ്പി, സൺഗ്ലാസ്, സൺസ്ക്രീൻ എന്നിവ ഉപയോഗിക്കുക
- പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ എന്നിവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തുക
- കുട്ടികളെ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകരുത്.
- അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക
വളർത്തുമൃഗങ്ങളെയും ശ്രദ്ധിക്കണേ...
- മൃഗങ്ങള്‍ക്ക് 24 മണിക്കൂറും കുടിക്കാന്‍ ശുദ്ധജലം ഉറപ്പാക്കുക.
- കഠിനമായ വേനലില്‍ മൃഗങ്ങളെ കെട്ടിയിടരുത്
- രാവിലെയും വൈകീട്ടും മാത്രം വാഹനങ്ങളില്‍ മൃഗങ്ങളെ കൊണ്ടുപോകുക
- രാവിലെ 11 മുതല്‍ മൂന്നു വരെ കന്നുകാലികളെ പണികള്‍ക്കായി ഉപയോഗിക്കുന്നതും തുറന്നസ്ഥലങ്ങളില്‍ മേയാന്‍ വിടുന്നതും ഒഴിവാക്കുക
- എളുപ്പം ദഹിക്കുന്ന, നാരുകള്‍ കൂടുതലുള്ള തീറ്റവസ്തുക്കള്‍ നല്‍കുക
- ദിവസത്തില്‍ രണ്ടു തവണയെങ്കിലും തണുത്ത വെള്ളത്തില്‍ കുളിപ്പിക്കുക
- വളര്‍ത്തുമൃഗങ്ങളുടെ തൊഴുത്തില്‍/കൂടില്‍ എപ്പോഴും തണുപ്പ് നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക
- അപകടസൂചനകള്‍ അഥവാ സ്ട്രോക്ക് ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ അടുത്തുള്ള വെറ്ററിനറി ഡോക്ടറുടെ സേവനം തേടണം. സൂര്യാഘാതംമൂലം മൃഗങ്ങൾ ചാവുകയാണെങ്കില്‍ ഉടനെ അടുത്തുള്ള വെറ്ററിനറി ഡോക്ടറെ അറിയിക്കണം.
- ജില്ല വെറ്ററിനറി കേന്ദ്രത്തിലെ കണ്ട്രോള് റൂം നമ്പര്‍: 0483-2734815, 7592986964.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

