Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകവളപ്പാറയുടെ കണ്ണീരിന്...

കവളപ്പാറയുടെ കണ്ണീരിന് ഏഴാണ്ട്

text_fields
bookmark_border
കവളപ്പാറയുടെ കണ്ണീരിന് ഏഴാണ്ട്
cancel

എടക്കര: കവളപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഏഴ് വര്‍ഷം പിന്നിടുമ്പോഴും ഇരകളായവരുടെ മനസ്സുകളില്‍ ഉണങ്ങാത്ത മുറിവായി ദുരന്തസ്മരണകള്‍. 2019 ആഗസ്റ്റ് എട്ടിനാണ് 59 പേരുടെ ജീവന്‍ കവര്‍ന്ന കവളപ്പാറ ദുരന്തമുണ്ടായത്.

പോത്തുകല്ല് ഗ്രാമപഞ്ചായത്തിലെ കവളപ്പാറ, പാതാര്‍ കുടിയേറ്റ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിന്റെയും പ്രളയത്തിന്റെയും രൂപത്തിലായിരുന്നു ആ മഹാദുരന്തം. കവളപ്പാറ മുത്തപ്പന്‍കുന്നിടിഞ്ഞ് താഴ്‌വാരത്ത് അധിവസിച്ചിരുന്ന 45ഓളം വീടുകളാണ് മണ്ണിനടിയിലായത്. രാത്രി എട്ടോടെയുണ്ടായ ദുരന്തത്തില്‍ വീടുകളില്‍നിന്ന് ഓടിരക്ഷപ്പെടാന്‍പോലുമാകാതെ 59 ജീവൻ മുത്തപ്പന്‍കുന്നിന്റെ മണ്ണാഴങ്ങളില്‍ പുതഞ്ഞുപോയി. പിറ്റേന്ന് രാവിലെ പത്തോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് പോലും പ്രദേശത്ത് എത്താനായത്.

രക്ഷാപ്രവര്‍ത്തനങ്ങളുടെ ഉദാത്ത മാതൃകയായി 20 ദിവസത്തോളം നീണ്ട തിരച്ചിലിനൊടുവില്‍ 48 മൃതദേഹങ്ങള്‍ കണ്ടെടുക്കാനായി. എന്നാല്‍, 11 ജീവനുകള്‍ മുത്തപ്പന്‍കുന്നിന്റെ മടിത്തട്ടില്‍ ഇപ്പോഴും അന്ത്യവിശ്രമം കൊള്ളുന്നു.

ഒരു കുടുംബത്തിലെതന്നെ നാലും അഞ്ചും അംഗങ്ങള്‍പോലും ദുരന്തത്തിനിരയായി. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കൈവിട്ടുപോയ ഉറ്റവരുടെയും ഉടയവരുടെയും വേര്‍പാടുകള്‍ രക്ഷപ്പെട്ടവരുടെ തോരാക്കണ്ണീരിന് കാരണമായി. മാതാപിതാക്കളും ഭാര്യയും മക്കളും സഹോദരങ്ങളും ബന്ധുക്കളും, സ്വന്തമായുണ്ടായിരുന്ന മണ്ണും കാലങ്ങളായി അധ്വാനിച്ചുണ്ടാക്കിയ കൃഷിയിടവും മണ്ണിനടിയില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ജീവന്‍ തിരിച്ചുകിട്ടിയത് കുറച്ച് പേര്‍ക്ക് മാത്രം.

ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷവും ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി വാങ്ങി വീട് നിര്‍മിക്കാന്‍ പത്ത് ലക്ഷവും വീതം സര്‍ക്കാര്‍ ധനസഹായം നല്‍കി. ജനറല്‍ വിഭാഗത്തില്‍പെട്ടവര്‍ക്കായി പോത്തുകല്ലില്‍ 24 വീടുകള്‍ സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കി. വ്യവസായി എം.എ. യൂസുഫലി 33 വീടുകള്‍ നിര്‍മിച്ചുനല്‍കി.

കവളപ്പാറ ഊരിലെ 27 കുടുംബങ്ങള്‍ക്ക് ഉപ്പട ആനക്കല്ലില്‍ സര്‍ക്കാര്‍ ധനസഹായത്തോടെ വീടുകള്‍ നല്‍കി. വിവിധ സന്നദ്ധ സംഘടനകളും വീടുകള്‍ നല്‍കിയിരുന്നു. അപകടസാധ്യത മേഖലയായി ജിയോളജി വിഭാഗം ഈ പ്രദേശത്തെ പ്രഖ്യാപിച്ചതിനാല്‍ ഇവിടെനിന്ന് മാറേണ്ടിവന്ന കുടുംബങ്ങള്‍ക്കും ധനസഹായം നല്‍കി. ഇതോടൊപ്പം പാതാര്‍, ഗര്‍ഭംകലക്കി മലകളിലെ ഉരുള്‍പൊട്ടലില്‍ ഇഴുവാത്തോട്ടിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ പത്തോളം വീടുകള്‍ തകരുകയും പാതാര്‍ ടൗണ്‍ നാമാവശേഷമാകുകയും ചെയ്തിരുന്നു.

ദുരന്തത്തിനിരകളായവര്‍ പോത്തുകല്ല്, എടക്കര, ചുങ്കത്തറ വണ്ടൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലാണ് ഇപ്പോള്‍ അധിവസിക്കുന്നത്. ചിലര്‍ പിറന്ന മണ്ണിനെ കൈവിടാനാകാതെ അവിടെത്തന്നെ ഇപ്പോഴും തുടരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsKavalappara DisasterSeven years
News Summary - കവളപ്പാറയുടെ കണ്ണീരിന് ഏഴാണ്ട്
Next Story