ഇൻഷുറൻസ് കമ്പനിക്ക് തിരിച്ചടി; 16.85 ലക്ഷം നൽകണമെന്ന് ഉപഭോക്തൃ കമീഷൻ
text_fieldsമലപ്പുറം: കാനഡയിലേക്കുള്ള യാത്രക്കായി എടുത്ത ഓവർസീസ് മെഡിക്ലെയിം ഇൻഷുറൻസ് പോളിസിയുടെ ആനുകൂല്യം മുൻകാല രോഗവിവരം മറച്ചുവെച്ചെന്നാരോപിച്ച് നിഷേധിച്ച ഇൻഷുറൻസ് കമ്പനിക്കെതിരെ ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമീഷന്റെ വിധി. മഞ്ചേരി കൊടക്കാടൻ സാബിറ അബ്ദുല്ല ഹസ്സൻ, കാനഡയിലുള്ള മകനെയും കുടുംബത്തെയും സന്ദർശിക്കുന്നതിനായി യാത്ര ചെയ്യുന്നതിനുമുമ്പ് ഓവർസീസ് മെഡിക്ലെയിം ഇൻഷുറൻസ് പോളിസി എടുത്തിരുന്നു. കാനഡയിൽ എത്തിയ ഉടൻ തന്നെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചികിത്സക്കായി വൻതുക ചെലവാകുകയും ചെയ്തു.
തുടർന്ന് പോളിസി പ്രകാരമുള്ള ക്ലെയിം സമർപ്പിച്ചെങ്കിലും മുൻകാല രോഗവിവരം വെളിപ്പെടുത്തിയില്ലെന്നാരോപിച്ച് ഫ്യൂച്ചർ ട്രാവൽ ജനറലി ഇൻഷുറൻസ് കമ്പനി ക്ലെയിം നിരസിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് സാബിറ ഉപഭോക്തൃ തർക്ക പരിഹാര കമീഷനെ സമീപിച്ചത്. പരാതി പരിഗണിച്ച കമീഷൻ, പരാതിക്കാരി മുൻകാല രോഗവിവരം മറച്ചുവെച്ചുവെന്ന ആരോപണം തെളിയിക്കാൻ ഇൻഷുറൻസ് കമ്പനിക്ക് കഴിഞ്ഞിട്ടില്ലെന്ന് കണ്ടെത്തി.
മതിയായ തെളിവുകളില്ലാതെ ക്ലെയിം നിരസിച്ചതിലൂടെ കമ്പനി സേവനത്തിൽ വീഴ്ച വരുത്തിയതായി കമീഷൻ വിലയിരുത്തി. തുടർന്ന് ചികിത്സ ചെലവിലേക്ക് 16,50,000, രൂപയും നഷ്ടപരിഹാരമായി 25,000 രൂപയും കേസിന്റെ ചെലവിലേക്കായി 10,000 രൂപയും ഉൾപ്പെടെ ആകെ 16,85,000 രൂപ ഇൻഷുറൻസ് കമ്പനിയോട് പരാതിക്കാരിക്ക് നൽകാൻ കമീഷൻ ഉത്തരവിട്ടു. പ്രസിഡന്റ് കെ. മോഹൻ ദാസൻ, അംഗങ്ങളായ പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളായ കമീഷനാണ് വിധി പ്രസ്താവിച്ചത്. പരാതിക്കാരിക്ക് വേണ്ടി അഡ്വ: മുൻസിഫ് റഹ്മാൻ മഞ്ചേരി ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

