സീനിയർ ഫുട്ബാൾ; കിങ് ഓഫ് മലപ്പുറം
text_fieldsസംസ്ഥാന സീനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറവും കോട്ടയവും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മലപ്പുറം താരം ജുനൈൻ കടവലത്തിന്റെ മുന്നേറ്റം തടയുന്ന കോട്ടയം ക്യാപ്റ്റൻ മുഹമ്മദ് സാലിം
മലപ്പുറം: കോട്ടപ്പടിയിൽ കോട്ടയത്തിന്റെ കോട്ട തകർത്ത് മലപ്പുറത്തിന്റെ താരങ്ങൾ സീനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ് സെമിയിൽ കടന്നു. തുടക്കം മുതൽ ആതിഥേയർ സ്വന്തം കാണികൾക്ക് മുന്നിൽ മലപ്പുറത്തിനായി മുന്നേറ്റം കാഴ്ചവെച്ചു. കളിയുടെ നാലാം മിനിറ്റിൽതന്നെ മലപ്പുറം കോട്ടയത്തിന്റെ വലകുലുക്കി കരുത്ത് കാണിച്ചു.
മധ്യനിര താരം ജിഷ്ണു ബാലകൃഷ്ണൻ എടുത്ത കോർണർ കിക്ക് മനോഹരമായാണ് മുന്നേറ്റതാരം ജുനൈൻ കടവലത്ത് വലയിലിലേക്ക് തിരിച്ചുവിട്ടത്.
രണ്ടാം പകുതിയുടെ തുടക്കത്തിലും മലപ്പുറംതന്നെയാണ് മുന്നേറ്റത്തിലൂടെ ആധിപത്യം നിലനിർത്തിയത്. 53ാം മിനിറ്റിൽ ജുനൈൻ കടവത്ത് നൽകിയ പാസ് അക്മൽ ഷാൻ ഗോളാക്കിയതോടെ മലപ്പുറത്തിന്റെ ലീഡ് 2-0 ആയി ഉയർന്നു.
ഇതോടെ കോട്ടയം ജയിക്കാനായി കളിയിലേക്ക് തിരിച്ചുവന്നു. 84ാം മിനിറ്റിൽ കോട്ടയത്തിന്റെ ക്യാപ്റ്റൻ മുഹമ്മദ് സാലിമിലൂടെയാണ് ആശ്വാസഗോൾ കണ്ടെത്തിയത്. ഒരു ഗോൾ അടിക്കുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത മലപ്പുറത്തിന്റെ മുന്നേറ്റതാരം ജുനൈൻ കടവലത്താണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്.

