82 ബസ്, 3000 പേർ; വയോജന സംഘം അടുത്തമാസം വയനാട്ടിലേക്ക്
text_fieldsവയോജന സംഘം ഉല്ലാസയാത്ര
മലപ്പുറം: ഏറ്റവും വലിയ സൗജന്യ വയോജന ഉല്ലാസയാത്ര എന്ന ഖ്യാതിയോടെ ഒക്ടോബർ ഏഴിന് 3000 പേരടങ്ങുന്ന മലപ്പുറം നഗരസഭയിലെ വയോജന സംഘം വയനാട്ടിലേക്ക്. 82 ബസുകളിലായി രാവിലെ 6.30ന് കോട്ടക്കുന്നിൽ നിന്ന് ബസ് പുറപ്പെടും. മലപ്പുറം നഗരസഭയുടെ വയോജന സൗഹൃദ നഗരം പദ്ധതിയിലുൾപ്പെടുത്തി സംഘടിപ്പിക്കുന്ന ഏകദിന വിനോദയാത്രക്ക് കലക്ടർ അധ്യക്ഷനായ ഇന്നവേറ്റീവ് കമ്മിറ്റിയുടെ അനുമതി ലഭിച്ചിരുന്നു.
കഴിഞ്ഞ ജൂണിൽ നടത്താനിരുന്ന യാത്രയാണ് ഒക്ടോബറിലേക്ക് മാറിയത്. എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ മലപ്പുറം നഗരസഭയിലെ 60 വയസ്സ് പൂർത്തിയായ സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന മുഴുവൻ വയോജനങ്ങളും യാത്രയുടെ ഭാഗമാകും. 40 വാർഡുകളിൽ നിന്നായി ചുരുങ്ങിയത് 3000 പേരെങ്കിലും യാത്രയിൽ ഉണ്ടാകുമെന്നാണ് നഗരസഭയുടെ കണക്കുകൂട്ടൽ. ഓരോ വാർഡംഗങ്ങളുടെയും നേതൃത്വത്തിലാണ് യാത്രികരെ കണ്ടെത്തിയത്.
അവർക്കുള്ള യാത്രാ ചെലവ്, ഭക്ഷണം, ആവശ്യമെങ്കിൽ ചികിത്സ തുടങ്ങി എല്ലാ ചെലവുകളും നഗരസഭയാണ് വഹിക്കുന്നത്. 40 ലക്ഷം രൂപയാണ് യാത്രക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. വയോജനക്ഷേമത്തിന് നഗരസഭയുടെ വാർഷിക പദ്ധതിയിൽ നീക്കിവെച്ച തുകയാണ് യാത്രാചെലവിന് വിനിയോഗിക്കുക. വയനാട് ജില്ലയിലെ പൂക്കോട് തടാകം, കാരാപ്പുഴ ഡാം എന്നീ സഞ്ചാര കേന്ദ്രങ്ങളാണ് യാത്രികർ സന്ദർശിക്കുക. പോകുന്ന വഴി രാവിലെ 7.30ന് അരീക്കോട് ഭാഗങ്ങളിലെ വിവിധ ഓഡിറ്റോറിയങ്ങളിൽ വെച്ച് പ്രഭാതഭക്ഷണം കഴിക്കും. ഉച്ചക്കും രാത്രിയിലേക്കും ആവശ്യമായ ഭക്ഷണം നഗരസഭ തയാറാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

