സർവകലാശാലയിൽ സെമിനാർ വിവാദം: ഉത്തരവ് വി.സി പിൻവലിച്ചു
text_fieldsസെമിനാർ തടഞ്ഞതിനെ തുടർന്ന് യു.ഡി.എഫ് സംഘടന ജീവനക്കാർ പ്രതിഷേധിക്കുന്നു
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ സെമിനാറിലും വിവാദം. യു.ഡി.എഫ് സർവിസ് സംഘടനകളുടെ സെമിനാർ സർക്കാർ വിരുദ്ധ പരിപാടിയാണെന്ന ആരോപണം ഉയർന്നതോടെ സർക്കാർ ഇടപെട്ട് തിങ്കളാഴ്ചത്തെ സെമിനാർ തടഞ്ഞു.
സർവകലാശാല സ്റ്റാഫ് ഓർഗനൈസേഷനും സോളിഡാരിറ്റി ഓഫ് യൂനിവേഴ്സിറ്റി എംപ്ലോയീസും ‘പരീക്ഷ ആധുനികവത്കരണം: സാധ്യതകളും വെല്ലുവിളികളും’ എന്ന വിഷയത്തിൽ നടത്താനിരുന്ന സെമിനാറാണ് സർക്കാർ ഇടപെടലിനെ തുടർന്ന് മുടങ്ങിയത്. ഇതോടെ ഇരു സംഘടനയിലെയും ജീവനക്കാർ സംഘടിച്ച് പ്രതിഷേധിച്ചു.
സെമിനാർ സർക്കാർ വിരുദ്ധ പരിപാടിയാണെന്നും സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് വൈസ് ചാൻസലർ കൂട്ടു നിൽക്കുകയാണെന്നും ആരോപിച്ച് സർവകലാശാല വിദ്യാർഥി മന്ത്രി ഡോ. ആർ ബിന്ദുവിന് കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. ‘കെ റീപ്’ അടക്കമുള്ള സർക്കാറിന്റെ പരീക്ഷ പരിഷ്കരണ നടപടികളെ അവഹേളിക്കുന്നതിനും കള്ള പ്രചാരണം നടത്തുന്നതിനുമായാണ് വി.സിയുടെ ഒത്താശയോടെ സെമിനാർ നടത്തുന്നതെന്നായിരുന്നു ആരോപണം.
വി.സിയെ ഉദ്ഘാടകനായി നിശ്ചയിച്ച സെമിനാറിൽ സിൻഡിക്കേറ്റംഗം ഡോ. പി.കെ. വസുമതി അടക്കമുള്ളവർ പങ്കെടുക്കാമെന്ന് ഏറ്റിരുന്നു.
എന്നാൽ സർക്കാറിൽനിന്ന് കടുത്ത സമ്മർദ്ദമുണ്ടായതോടെ സെമിനാറിൽ പങ്കെടുക്കാൻ തിങ്കളാഴ്ച രാവിലെ 10.30 മുതൽ 12.30 വരെ ജീവനക്കാർക്ക് അനുമതി നൽകി ഇറക്കിയ ഉത്തരവ് വി.സിക്ക് പിൻവലിക്കേണ്ടി വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

