മലപ്പുറത്തും എസ്.ഡി.പി.ഐ ഓഫിസ് റെയ്ഡ്; പ്രതിഷേധവുമായി പ്രവർത്തകർ
text_fieldsമലപ്പുറത്ത് എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി ഓഫിസിൽ റെയ്ഡിനു ശേഷം ഇ.ഡി ഉദ്യോഗസ്ഥർ
മടങ്ങുമ്പോൾ പ്രതിഷേധിക്കുന്ന പ്രവർത്തകർ
മലപ്പുറം: എസ്.ഡി.പി.ഐ മലപ്പുറം ജില്ല ഓഫിസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ്. വ്യാഴാഴ്ച രാവിലെ പത്തിന് തുടങ്ങിയ റെയ്ഡ് ഉച്ചക്ക് 2.15 വരെ നീണ്ടു. ചെന്നൈ യൂനിറ്റിലെ ഏഴ് ഉദ്യോഗസ്ഥരാണ്, മലപ്പുറം കുന്നുമ്മലിലെ എസ്.ഡി.പി.ഐ ജില്ല ഓഫിസിൽ റെയ്ഡിനെത്തിയത്. കേന്ദ്ര സായുധ പൊലീസിന്റെ കാവലിലാണ് മണിക്കൂറുകൾ നീണ്ട പരിശോധന പൂർത്തിയാക്കിയത്. ഫണ്ട് സമാഹരണത്തിന് ബാക്കിയുണ്ടായിരുന്ന 414 രശീതി, വിവിധ പരിപാടികളിൽ ഉപയോഗിക്കാനുള്ള സിനോപ്സിസ്, മുദ്രാവാക്യം എഴുതിയ സ്ലിപ്പുകൾ, നോട്ടീസുകൾ, സംഘടന റിപ്പോർട്ടുകൾ, കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക്, മൊബൈൽ ഫോൺ തുടങ്ങിയവയാണ് ഇ.ഡി ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്.
രണ്ട് മണിയോടെ ജില്ല ഓഫിസിന് മുന്നിൽ തടിച്ചുകൂടിയ നൂറിലേറെ എസ്.ഡി.പി.ഐ പ്രവർത്തകർ ഇ.ഡിക്കെതിരെ പ്രതിഷേധവുമായി രംഗത്തുവന്നു. പരിശോധന കഴിഞ്ഞ് ഉദ്യോഗസ്ഥർ വാഹനത്തിൽ കയറുമ്പോൾ ഗോ ബാക്ക് വിളികളുമായി മുദ്രാവാക്യമുയർന്നു. തുടർന്ന് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് പിറകിൽ കുന്നുമ്മൽ ജങ്ഷൻ വരെ പ്രവർത്തകർ പ്രകടനം നടത്തി. എസ്.ഡി.പി.ഐ ദേശീയ അധ്യക്ഷൻ എം.കെ. ഫൈസിയെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മലപ്പുറത്തടക്കം എസ്.ഡി.പി.ഐ ഓഫിസുകളിൽ ഒരേസമയം ഇ.ഡി റെയ്ഡ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

