നാട്ടിലൊരു സ്കൂളായി; ഇത് എലമ്പ്രൻ വിജയഗാഥ
text_fieldsഎലമ്പ്രയിൽ എൽ.പി സ്കൂളിനായി നാട്ടുകാർ വാങ്ങിയ സ്ഥലം (ഫയൽ ചിത്രം)
മഞ്ചേരി: എൽ.പി സ്കൂള്‍ സ്ഥാപിക്കാൻ സുപ്രീംകോടതിയിൽ വരെ പോയി ഒരു നാട് നയിച്ച പോരാട്ടം ഒടുവിൽ വിജയം കണ്ടു. സ്കൂളിന് സംസ്ഥാന സർക്കാർ പച്ചക്കൊടി വീശിയതോടെ ആഹ്ലാദത്തിമിർപ്പിലാണ് മഞ്ചേരി എലമ്പ്ര പ്രദേശത്തുകാർ. നാലര പതിറ്റാണ്ടായുള്ള കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നത്. നാട് കാത്തിരുന്ന ഉത്തരവ് ബുധനാഴ്ചയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്. 1983ലാണ് നാട്ടുകാർ സ്കൂൾ സ്ഥാപിക്കാൻ സ്ഥലം വാങ്ങിയത്. സെൻറിന് 200 രൂപ വെച്ച് 20,000 രൂപക്കാണ് ഒരേക്കർ സ്ഥലം വാങ്ങിയത്.
നാട്ടുകാർ പത്തും ഇരുപതും രൂപ സംഭാവന നൽകി. പരേതനായ ആലക്കത്തൊടി മുഹമ്മദ് ഹാജിയുടെ ഭാര്യ മഹർ പണയം വെച്ചും പരേതനായ മമ്മൂട്ടി ഹാജി ഹജ്ജിന് പോകാൻ സ്വരൂപിച്ച പണം കൊടുത്തും നാട്ടുകാരുടെ സ്വപ്നങ്ങൾക്കൊപ്പം നിന്നു. പ്രവാസികളും കൈയയച്ച് സഹായിച്ചു. സ്ഥലം വാങ്ങി ബഹുസ്തൂൽ ഉലും മദ്റസയുടെ പേരിൽ രജിസ്റ്റർ ചെയ്തു. മാറിമാറി വന്ന സർക്കാറുകൾക്ക് മുന്നിൽ നാട്ടുകാർ സ്കൂളെന്ന ആവശ്യമുന്നയിച്ചു. വിദ്യാഭ്യാസ വകുപ്പ്, മനുഷ്യാവകാശ കമീഷൻ, ബാലാവകാശ കമീഷൻ എന്നിവയെ സമീപിച്ചു. വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടറും ഉപജില്ല വിദ്യാഭ്യാസ ഓഫിസറും സ്ഥലം സന്ദർശിച്ച് അനുകൂല റിപ്പോർട്ടുകൾ തയാറാക്കി സർക്കാറിലേക്ക് അയച്ചെങ്കിലും തുടർ നടപടിയുണ്ടായില്ല. ഇതോടെ 2015ൽ ഹൈകോടതിയെ സമീപിച്ചു.
ഇതിനായി 14 അംഗ ആക്ഷൻ കൗൺസിലിന് രൂപം നൽകി. ചെയർമാനായ എലമ്പ്ര തേനത്ത് മുഹമ്മദ് ഫൈസി കേസിന് നേതൃത്വം നൽകി. വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ ഹൈകോടതി മൂന്നു മാസത്തിനകം സ്കൂൾ സ്ഥാപിക്കാൻ നിർദേശം നൽകി. എട്ടു മാസം കഴിഞ്ഞിട്ടും നടപടിയില്ലാതായതോടെ കോടതിയലക്ഷ്യത്തിന് ഹരജി നൽകി. എന്നാൽ, സർക്കാർ സുപ്രീംകോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. ഇതോടെ 2021ൽ നാട്ടുകാർ സുപ്രീംകോടതിയെ സമീപിച്ചു. ഈ കേസിലാണ് അനുകൂല വിധി നേടിയത്.
സ്കൂളിലെത്താൻ മൂന്ന് കിലോമീറ്ററിലധികം
എലമ്പ്ര പ്രദേശത്തിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ നിലവിൽ സർക്കാർ സ്കൂളില്ല. മഞ്ചേരി നഗരസഭയുടെയും തൃക്കലങ്ങോട് പഞ്ചായത്തിന്റെയും അതിർത്തിപ്രദേശമാണ് ഇവിടെ.
നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്നു. ചെറിയ കുട്ടികൾക്കടക്കം ഓട്ടോറിക്ഷകളിലും സ്കൂൾ ബസുകളിലും സഞ്ചരിച്ചാണ് ചെറുകുളം ജി.എൽ.പി സ്കൂൾ, തോട്ടുപ്പൊയിൽ ജി.എൽ.പി സ്കൂൾ, ചെറാംകുത്ത് ജി.എൽ.പി സ്കൂൾ, വടക്കാങ്ങര എം.എം.യു.പി സ്കൂൾ എന്നിവിടങ്ങളിലെത്തി പഠനം നടത്തുന്നത്. ഇതിൽ ചെറാംകുത്തിലെത്താൻ നാല് കിലോമീറ്ററും വടക്കാങ്ങരയിലേക്ക് അഞ്ച് കിലോമീറ്ററും സഞ്ചരിക്കണം.
നിയമപോരാട്ടം സംസ്ഥാനത്താകെ ബാധകം
എലമ്പ്രയിൽ എൽ.പി സ്കൂളിനായി നാട്ടുകാർ നടത്തിയ നിയമപോരാട്ടം സംസ്ഥാനത്തിനാകെ നിർണായകമാകുന്ന തരത്തിലാണ് സുപ്രീംകോടതി ഉത്തരവിറക്കിയത്. കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും ഒരു കിലോമീറ്റർ പരിധിയിൽ സർക്കാർ എൽ.പി സ്കൂളുകളും മൂന്ന് കിലോമീറ്റർ പരിധിയിൽ യു.പി സ്കൂളുകളും സ്ഥാപിക്കണമെന്നായിരുന്നു ഉത്തരവ്.
നാട്ടുകാരുടെ ആവശ്യം അംഗീകരിക്കാതിരുന്ന സംസ്ഥാന സർക്കാറിനെ വിമർശിച്ചായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ സുപ്രധാന വിധി. സർക്കാർ ഭൂമിയില്ലെങ്കിൽ പഞ്ചായത്തുകളും നഗരസഭകളും ഭൂമി നൽകണം. സ്വന്തം കെട്ടിടമില്ലെങ്കിൽ വാടകക്ക് എടുക്കണം. ഒരു വർഷത്തിനുള്ളിൽ സ്ഥിരം അധ്യാപകരെ നിയമിക്കണമെന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

