സന്തോഷ് ട്രോഫി കേരള ടീം; കപ്പടിക്കാൻ മലപ്പുറം ബോയ്സും
text_fieldsമലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബാൾ ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചപ്പോൾ മലപ്പുറത്തിനും അഭിമാനം. ടീമിൽ ഇടംപിടിച്ചവരിൽ നാലുതാരങ്ങൾ മലപ്പുറത്ത് നിന്നുള്ളവരാണ്. ഗോൾ കീപ്പർ മുഹമ്മദ് ജസീൻ, പ്രതിരോധനിര താരങ്ങളായ എസ്. സന്ദീപ്, അബ്ദുൽ ബാദിഷ്, മുന്നേറ്റതാരം മുഹമ്മദ് ആഷിഖ് എന്നിവരാണ് ടീമിലേക്ക് തെരഞ്ഞെടുത്ത മലപ്പുറം ജില്ലക്കാർ. 22 അംഗ ടീമിനെയാണ് തെരഞ്ഞെടുത്തത്.
വണ്ടൂർ ചെറുകോട് സ്വദേശിയായ മുഹമ്മദ് ആഷിഖ് കാലിക്കറ്റ് എഫ്.സിയുടെയും ഈസ്റ്റ് ബംഗാൾ ടീമിന്റെയും താരമാണ്. 21കാരനായ ആഷിഖ് മമ്പാട് എം.ഇ.എസ് കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിയാണ്. ചെറുകോട് കൂരിമണ്ണിൽ വീട്ടിൽ മുഹമ്മദിന്റെയും ബുഷ്റയുടെയും മകനാണ്.
എടവണ്ണപ്പാറ സ്വദേശിയാണ് 25കാരനായ എസ്. സന്ദീപ്. മുക്കം എം.എ.എം.ഒ കോളജിലെ അവസാന വർഷ ബിരുദ വിദ്യാർഥിയാണ്. കണ്ണൂർ വാരിയേഴ്സ് എഫ്.സിയുടെ താരമാണ്. പണിക്കപ്പുറായ ശ്രീനിലയം വീട്ടിൽ സന്തോഷ് കുമാറിന്റെയും ബേബി ബിന്ദുവിന്റെയും മകനാണ്. 22കാരനായ മുഹമ്മദ് ജസീൻ കൊണ്ടോട്ടി മുതുവല്ലൂർ സ്വദേശിയാണ്.
മലപ്പുറം എഫ്.സി, കേരള ബ്ലാസ്റ്റേഴ്സ് ടീമുകൾക്കായി കളിക്കുന്ന താരമാണ്. മുതുവല്ലൂർ മെക്കാട്ട് വീട്ടിൽ അബ്ദുൽ മജീദ്-സൽമത്ത് ദമ്പതികളുടെ മകനാണ്. കൊണ്ടോട്ടി ഇ.എം.ഇ.എ കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിയാണ്. തിരൂർ ബീരാഞ്ചിറ സ്വദേശിയായ അബ്ദുൽ ബാദിഷ് നിലവിൽ തിരുവനന്തപുരം കൊമ്പൻസിന്റെ താരമാണ്. ചെന്തുരുത്തി വീട്ടിൽ മുഹമ്മദ് കുട്ടിയുടെയും ഖദീജയുടെയും മകനാണ്.
അസമിലാണ് ഇത്തവണ സന്തോഷ് ട്രോഫി മത്സരങ്ങള്‍ നടക്കുന്നത്. കേരള ടീമില്‍ ഒമ്പത് പുതുമുഖങ്ങളാണ് ഇടംപിടിച്ചത്. സൂപ്പര്‍ ലീഗ് കേരളയില്‍ മികവ് തെളിയിച്ച താരങ്ങള്‍ക്ക് ഇത്തവണ മികച്ച പരിഗണനയാണ് ലഭിച്ചത്. ഈ മാസം 21നാണ് സന്തോഷ് ട്രോഫി ടൂര്‍ണമെന്റ് തുടങ്ങുന്നത്. കേരളത്തിന്റെ ആദ്യ കളി മുന്‍ചാമ്പ്യന്‍മാരായ പഞ്ചാബുമായി 22ന് നടക്കും. 2023ല്‍ മലപ്പുറത്ത് നടന്ന ടൂര്‍ണമെന്റിലാണ് കേരളം അവസാനം ചാമ്പ്യന്‍മാരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

