മണൽകടത്ത്; നാലുപേർക്കെതിരെ കാപ്പ ചുമത്തി
text_fieldsഅബ്ദുൽ റഷീദ്, ഇബ്രാഹിം, മർഷൂഖ്, ഷിഹാബ്
തിരൂർ: തിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരായ മണൽ മാഫിയ സംഘത്തിലെ നാല് പേർക്കെതിരെ കാപ്പ ചുമത്തി തൃശൂർ റേഞ്ച് ഡി.ഐ.ജി അജിത ബീഗം ഉത്തരവിറക്കി.
തൃപ്രങ്ങോട് ചെറിയ പറപ്പൂർ ചെമ്മല വീട്ടിൽ ഷിഹാബ് (41), ബീരാഞ്ചിറ തെരിയത്ത് വീട്ടിൽ മർഷൂക് (28), കൊടക്കൽ പെരുമാൾപറമ്പിൽ ഇബ്രാഹിം (40) എന്നിവർ ആറുമാസത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ബി.പി അങ്ങാടി പൂക്കൈത സ്വദേശി കാരാട്ട് പറമ്പിൽ അബ്ദുറഷീദിനോട് (31) നിർദേശിച്ച സമയങ്ങളിൽ തിരൂർ ഡിവൈ.എസ്.പി മുമ്പാകെ ഹാജരാകാൻ നിർദേശം നൽകുകയും ചെയ്തു.
ഭാരതപ്പുഴയിൽനിന്ന് മണൽ കടത്തി പാരിസ്ഥിതിക വ്യവസ്ഥക്ക് ഭീഷണിയുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനാൽ നിരവധി കേസുകളിൽ പ്രതികളാണ് ഇവരെന്ന് പൊലീസ് അറിയിച്ചു. ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസിന്റെ റിപ്പോർട്ടിന്മേലാണ് ഡി.ഐ.ജി കാപ്പ ചുമത്തി ഉത്തരവിറക്കിയത്.
ഉത്തരവ് ലംഘിച്ചാൽ മൂന്നുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമായി കണക്കാക്കി പ്രതികളെ അറസ്റ്റ് ചെയ്യും. ഗുണ്ടപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ നിരീക്ഷിച്ച് റിപ്പോർട്ട് തയാറാക്കാൻ തിരൂർ ഡിവൈ.എസ്.പി കെ.എം. ബിജുവിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയമിച്ചിരുന്നു. തിരൂർ സി.ഐ എം.ജെ. ജിജോ, എസ്.ഐമാരായ എൻ. പ്രദീപ്, കെ. മധു, സീനിയർ സി.പി.ഒ കെ.കെ. ഷിജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
കൊലപാതകം, വധശ്രമം, മയക്കുമരുന്ന് കടത്ത്, സാമ്പത്തിക തട്ടിപ്പ്, സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ലൈംഗികാതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ നിരന്തരം പ്രതിയായവർക്കെതിരെ കാപ്പ നിയമപ്രകാരം നടപടി സ്വീകരിച്ചുവരുകയാണെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

