കാട്ടാനക്കൊപ്പം കടുവയും; ഭീതിയിൽ മലയോരം
text_fieldsമലപ്പുറം: കടുവയുടെ ആക്രമണത്തിൽ ജീവൻ പൊലിഞ്ഞതിന്റെ ഞെട്ടൽ മാറാതെ മലയോര ജനത. കാടിന് പുറത്തുള്ള കൃഷിഭൂമിപോലും സുരക്ഷിതമല്ലെന്ന ആശങ്കയാണ് ജനങ്ങൾക്കിടയിൽ പടരുന്നത്. കൊടുംകാടിനുള്ളിൽ മാത്രം ഉണ്ടെന്ന് കരുതപ്പെടുന്ന ഹിംസ്രജന്തുവായ കടുവകൾ വനാതിർത്തികൾ കടന്ന് നാട്ടിലിറങ്ങുന്നത് ജനങ്ങൾക്കിടയിൽ ഭീതി വിതക്കുകയാണ്. വനാതിർത്തിയോട് ചേർന്നുള്ള സ്ഥലങ്ങളിൽ എവിടേയും വന്യജീവി ആക്രമണം ഉണ്ടാവുമെന്ന പേടി മലയോരമാകെ പടർന്നിട്ടുണ്ട്.
കാട്ടാനകൾ ഒട്ടേറെ മനുഷ്യജീവനുകൾ കവർന്നിട്ടുണ്ടെങ്കിലും കടുവയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുന്നത് ഇതാദ്യമാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ കടുവ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ട കരിമ്പുഴ വന്യജീവി സങ്കേതത്തിൽ പോലും ഒരാളെപോലും കടുവ ദ്രോഹിച്ചതായി വിവരമില്ല. ഉൾകാട്ടിൽ താമസിക്കുന്ന ചോലനായ്ക്ക കുടുംബങ്ങൾക്ക് പോലും കടുവ ആക്രമണം അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല.
ഈ വർഷം കരുളായി, നെല്ലിക്കുത്ത് വനമേഖലയിൽ രണ്ട് ആദിവാസികളാണ് കാട്ടാനയുടെ കുത്തേറ്റു മരിച്ചത്. വന്യജീവികൾ മൂലം ജീവഹാനി മാത്രമല്ല, വൻതോതിൽ കൃഷിനാശവുമുണ്ട്. ഇതിനൊന്നും കാര്യമായി നഷ്ടപരിഹാരം കിട്ടുന്നില്ല. വന്യജീവി ശല്യംമൂലം കൃഷി എന്നന്നേക്കുമായി ഉപേക്ഷിക്കേണ്ടിവന്ന നൂറുകണക്കിന് കർഷകർ മലയോരത്തുണ്ട്.
കടുവ സൈലന്റ് വാലിയിൽനിന്ന്
സൈലന്റ് വാലി ദേശീയോധ്യാനത്തിന്റെ ബഫർ സോണുകളാണ് കഴിഞ്ഞദിവസം കടുവയുടെ ആക്രമണമുണ്ടായ കാളികാവ് അടക്കാകുണ്ട് വനമേഖല. പുല്ലങ്കോട്, കണ്ണത്ത് മലവാരങ്ങളെ ബന്ധിപ്പിക്കുന്ന ഈ ഭാഗത്ത് വർഷങ്ങൾക്ക് മുമ്പ് തന്നെ കടുവ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
ഒരാൺ കടുവയും ഒരു പെൺകടുവയും മൂന്ന് കുഞ്ഞുങ്ങളും ഈ മേഖലയിൽ ഉണ്ടെന്ന സൂചനകൾ വനംവകുപ്പിന് നേരത്തെ ലഭിച്ചിരുന്നു. വനാതിർത്തിയിലെ വീടുകളിൽനിന്ന് ആടുകളെ പിടിക്കുന്ന സംഭവങ്ങൾ ഉണ്ടായപ്പോൾ ജനങ്ങൾ വനംവകുപ്പിനെ അറിയിച്ചിരുന്നു. എന്നിട്ടും വനപാലകർ കണ്ണുതുറന്നില്ല. ആടുകളെ നഷ്ടപ്പെട്ടപ്പോൾ കൂടും കാമറയും സ്ഥാപിക്കണമെന്ന് നാട്ടുകാർ പലതവണ ആവശ്യപ്പെട്ടതാണ്. ഇതെല്ലാം അവഗണിക്കപ്പെട്ടു. ജനപ്രതിനിധികളുടെ വാക്കുകൾക്ക് വിലകൽപ്പിച്ചില്ല. ഇതാണ് നാടിനെ ഞെട്ടിച്ച കടുവയുടെ ആക്രമണത്തിലേക്കും യുവാവിന്റെ ദാരുണാന്ത്യത്തിലേക്കും നയിച്ചത്.
കോടികൾ ഒഴുക്കിയിട്ടും രക്ഷയില്ല
2016 മുതലുള്ള വർഷങ്ങളിൽ വന്യജീവി ആക്രമണം പ്രതിരോധിക്കാൻ 216.2 കോടി രൂപ വനംവകുപ്പ് വിനിയോഗിച്ചതായി നിയമസഭ രേഖകളിലുണ്ട്. വർഷവും കോടികളാണ് വനംവകുപ്പ് മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാനെന്ന പേരിൽ ഒഴുക്കുന്നത്. പ്രയോഗിക തലത്തിൽ ഒരു ഫലവും ചെയ്യാത്ത പദ്ധതികളാണ് പലതും.
കാടിനുള്ളിൽ നടക്കുന്ന പ്രവൃത്തികളുടെ മറവിൽ വൻ അഴിമതിയാണ് അരങ്ങേറുന്നത്. ജനജാഗ്രത സമിതികളെ സജീവമാക്കി മുന്നോട്ടുപോകാൻ വനംവകുപ്പിന് സാധിച്ചിട്ടില്ല. ഇതാണ് വനംവകുപ്പും ജനങ്ങളും തമ്മിലുള്ള ബന്ധം മോശമാവാൻ കാരണം. റാപിഡ് റെസ്പോൺസ് ടീമിന്റെ പ്രവർത്തനം പലപ്പോഴും പേരിനുമാത്രമാണ്.
നഷ്ടപരിഹാരം പോര
വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് നൽകുന്ന നഷ്ടപരിഹാരത്തുക കുറവാണ്. ഇത് കലോചിതമായി വർധിപ്പിക്കുമെന്ന് കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ വനംമന്ത്രി എ.കെ. ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, വിഷയം സർക്കാർ നീട്ടികൊണ്ടുപോകുകയാണ്.
ദുരന്ത നിവാരണ അതോറിറ്റിയുടെ പരിഗണനക്ക് വിട്ട വിഷയത്തിൽ തീരുമാനം വൈകുകയാണ്. കഴിഞ്ഞ 14 വർഷത്തിനിടെ പത്ത് പേർ സംസ്ഥാനത്ത് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. അടക്കാകുണ്ട് സംഭവത്തിൽ മരിച്ച ഗഫൂറിന്റെ ഭാര്യക്ക് വനംവകുപ്പ് താൽക്കാലിക ജോലി മാത്രമാണ് വാഗ്ദാനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

