റബർ താങ്ങുവില; പ്രതീക്ഷിച്ചതിലും കുറവെങ്കിലും ആശ്വാസമെന്ന് കർഷകർ
text_fieldsകാളികാവ്: റബറിന് സർക്കാർ ഏർപ്പെടുത്തിയ താങ്ങുവില അപര്യാപ്തമെങ്കിലും ആശ്വാസകരമെന്ന് കർഷകർ. റബറിന്റെ വിപണിവില ഇരുനൂറിൽ കുറവായാൽ, കുറയുന്ന തുക സർക്കാർ സബ്സിഡിയായി നൽകുന്നതാണ് പദ്ധതി. ഇൻസെന്റീവ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് അഞ്ച് ലക്ഷത്തിലധികം കർഷകർക്ക് ഇത് ഗുണകരമാകും. താങ്ങുവില 250 രൂപയാക്കണമെന്നായിരുന്നു കർഷകരുടെ ആവശ്യം.
റബറിന് 150 രൂപ കിട്ടിയിരുന്ന സമയത്ത്, 2021ൽ അന്നത്തെ ധനമന്ത്രി ടി.എം. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിൽ താങ്ങുവില 170 രൂപയാക്കി. 2024ൽ താങ്ങുവില 180 ലെത്തിച്ചു. ആർ.എസ്.എസ് നാലിന്റെ വ്യാപാരവില 181.50 രൂപയിലേക്ക് കൂപ്പുകുത്തിയ സമയത്താണ് കർഷകർക്ക് പുതുജീവൻ നൽകുന്ന താങ്ങുവില പ്രഖ്യാപനം.
കോട്ടയം മാർക്കറ്റിൽ റബർ വിപണിവില അവസാനമായി 200 കടന്നത് ജൂലൈ 30നാണ്. പിന്നീടുള്ള മൂന്നുമാസം ഇടിവിന്റേതായിരുന്നു. വില 178ലേക്ക് വരെ ഇടിഞ്ഞു. ഇതിനിടെ മഴയും റബർ ബോർഡിൽ നിന്നുള്ള സബ്സിഡി മുടങ്ങലും റബർകൃഷിയെ ബാധിച്ചു. ടയർ കമ്പനികളുടെ പൂഴ്ത്തിവെപ്പും അനിയന്ത്രിതമായ ഇറക്കുമതിയും സൃഷ്ടിക്കുന്ന വിലയിടിവിലും റബർ മേഖല പിടിച്ചുനിന്നത് സംസ്ഥാന സർക്കാറിന്റെ താങ്ങുവിലയിലാണ്.
എങ്കിലും 200 രൂപ വില ലഭിച്ചാൽ ഉൽപാദനച്ചെലവ് ലഭിക്കില്ലെന്നാണ് കർഷകർ പറയുന്നത്. കൂലിവർധന, റെയിൻ ഗാർഡിങ് ചെലവ്, വളപ്രയോഗം ഇവയെല്ലാം ഏറെ ചെലവേറിയതാണ്. ഇക്കൊല്ലം അതിവർഷം കാരണം ഉത്പാദനം ഗണ്യമായി കുറഞ്ഞു. എന്നിട്ടും വിലയിടിവ് തുടരുന്നതാണ് കർഷകർക്ക് ആശങ്കയുണ്ടാക്കുന്നത്.
തറവില 250 രൂപയാക്കണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. ടയർ ലോബിയെ സഹായിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് കർഷകർ ആരോപിക്കുന്നു. തീരുവ കൂട്ടി ഇറക്കുമതി വേണമെന്ന കർഷകരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. രാജ്യാന്തര വിപണിയിൽ വില ക്കുറവുള്ള സമയത്ത് ടയർ ലോബി വൻ തോതിൽ ഇറക്കുമതി ശേഖരം വർധിപ്പിക്കുകയാണ് ചെയ്യുന്നത്. നേരത്തെ നിലനിന്ന വിലയുടെ അടിസ്ഥാനത്തിൽ തോട്ടങ്ങൾ പാട്ടത്തിനെടുത്തവർക്കും വലിയ നഷ്ടം നേരിട്ടു. പുതിയ തറവിലയോടെ ഈ സ്ഥിതി മാറുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

