ജില്ലയിലെ ബാങ്ക് അക്കൗണ്ടുകളിൽ അവകാശികളില്ലാതെ 156 കോടി രൂപ
text_fieldsമലപ്പുറം: ജില്ലയിലെ ദേശസാത്കൃത ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും 10 വർഷത്തിന് മുകളിലായി അവകാശ വാദം ഉന്നയിക്കാതെ(അൺ ക്ലെയിംഡ് ഡെപോസിറ്റ്) കിടക്കുന്ന പണം അവകാശികൾക്കോ ബന്ധപ്പെട്ടവർക്കോ കൈമാറാൻ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ നവംബർ മൂന്നിന് മലപ്പുറത്ത് ക്യാമ്പ് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
‘നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം’ എന്ന പേരിൽ രാവിലെ 10.30ന് കുന്നുമ്മൽ ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടി പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ പ്രധാന ബാങ്കുകളുടെ പ്രതിനിധികള്‍, ധനകാര്യസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവർ ചടങ്ങില്‍ പങ്കെടുക്കും.
പൗരന്മാര്‍ക്ക് അവകാശപ്പെട്ടതും ഇതുവരെ ക്ലെയിം ചെയ്യപ്പെടാത്ത ബാങ്ക് നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ് തുകകള്‍, ഡിവിഡന്‍ഡുകള്‍, മ്യൂച്ചല്‍ ഫണ്ട് യൂനിറ്റുകള്‍, പെന്‍ഷന്‍ ബാലന്‍സുകള്‍ തുടങ്ങിയ തുകകളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാനും പണം അവകാശികളിലേക്ക് എത്തിക്കാനുള്ള സാഹചര്യം ഒരുക്കാനുമാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. ജില്ലയിലെ വിവിധ ബാങ്കുകളിലെ 7.46 ലക്ഷം അക്കൗണ്ടുകളിലായി 156 കോടി രൂപയാണ് അവകാശ വാദം ഉന്നയിക്കാതെ കിടക്കുന്നത്.
രേഖകളിൽ കൃത്യമായ വിവരങ്ങളുള്ള അക്കൗണ്ട് ഉടമകൾക്കും ബന്ധപ്പെട്ടവർക്കും അതത് ബാങ്ക് അധികൃതർ മുഖേന നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ലീഡ്സ് ബാങ്ക് അധികൃതർ അറിയിച്ചു. ഈ നോട്ടീസ് കിട്ടിയവർക്ക് നവംബർ മൂന്നിന് നടക്കുന്ന ക്യാമ്പിലെത്തി നടപടികൾ പൂർത്തിയാക്കാൻ അവസരമുണ്ട്. കൂടാതെ സംശയങ്ങൾ ദൂരീകരിക്കാനും ക്യാമ്പിൽ അവസരമുണ്ടാകും. വാർത്ത സമ്മേളനത്തിൽ ജില്ല ലീഡ് ബാങ്ക് മാനേജര്‍ എം.വി. അഞ്ജനദേവ്, സി.ആർ. ബിനോയ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

