പാതയോരത്തെ വെള്ളക്കെട്ട്; ജനജീവിതം ദുസ്സഹം
text_fieldsപുലാമന്തോൾ: ജൽജീവൻ പദ്ധതി ബാക്കിവെച്ച വെള്ളക്കെട്ടുകൾ ജനജീവിതം ദുസ്സഹമാക്കുന്നു. പൈപ്പുകളിടാൻ പാതയോരങ്ങളിൽ കുഴിയെടുത്ത ശേഷം ശരിയായ രീതിയിൽ മൂടുകയും നിരപ്പാക്കുകയും ചെയ്തിരുന്നില്ല. മഴ വന്നതോടെ ഇവിടങ്ങളിൽ വെള്ളം കെട്ടിനിൽക്കുകയാണ്. ചില ഭാഗങ്ങളിൽ മണ്ണ് താഴ്ന്നതോടെ കുഴികൾ രൂപപ്പെട്ടു. മറ്റു ഭാഗങ്ങളിൽ അശാസ്ത്രീയമായി ക്വാറി മാലിന്യം കൊണ്ടുവന്ന് തള്ളിയതാണ് വെള്ളക്കെട്ടിന് കാരണമായത്.
വാഹനങ്ങൾ സഞ്ചരിക്കുന്നതോടെ വീടുകളിലേക്കും കച്ചവട സ്ഥാപനങ്ങളിലേക്കും അഴുക്ക് വെള്ളം തെറിക്കുന്നുണ്ട്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോവുന്ന വിദ്യാർഥികളും ജീവനക്കാരും മറ്റു യാത്രക്കാരും ബസ് കാത്തുനിൽക്കുന്നതും ഇത്തരം വെള്ളക്കെട്ടുകൾക്കരികിലാണ്.
പാതയോരത്തെ വീടുകളിൽ താമസിക്കുന്നവർക്ക് വെള്ളക്കെട്ട് കാരണം സ്വന്തം ഭവനത്തിൽ കയറാൻ വെള്ളം ഒഴിവാക്കാൻ തൂമ്പയെടുത്തിറങ്ങേണ്ട അവസ്ഥയും നിലവിലുണ്ട്. കഴിഞ്ഞ മാസം പുലാമന്തോൾ-കൊളത്തൂർ റൂട്ടിൽ വിവിധ ഭാഗങ്ങളിൽ ചെറുതും വലുതുമായ എട്ട് വാഹനങ്ങൾ ഇത്തരം കുഴികളിൽ വീഴുകയുണ്ടായി. എന്നിട്ടും അധികാരികൾ ഈ ദുരിതങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.