ഒത്തൊരുമിച്ച് നാട്; കടുങ്ങൂത്ത് മഹാദേവ ക്ഷേത്രത്തിലേക്ക് റോഡായി
text_fieldsകടുങ്ങൂത്ത് മഹാദേവ ക്ഷേത്രത്തിലേക്ക് റോഡ് നിർമിച്ച ശേഷം സ്ഥലം സൗജന്യമായി
വിട്ടുനൽകിയ ഉടമകളും ക്ഷേത്രം ഭാരവാഹികളും ജനപ്രതിനിധികളും മഞ്ഞളാംകുഴി അലി
എം.എൽ.എക്കൊപ്പം
മലപ്പുറം: കടുങ്ങൂത്ത് മഹാദേവ ക്ഷേത്രത്തിലേക്ക് സമീപവാസികൾ വിട്ടുനൽകിയ സ്ഥലങ്ങളിലൂടെ റോഡ് നിർമിച്ചു. ചെറയകുത്ത് അബൂബക്കർ, മേലേതിൽ ഉസ്മാൻ എന്നിവർ സൗജന്യമായി വിട്ടുനൽകിയ സ്ഥലങ്ങളിലൂടെയാണ് റോഡ് നിർമിച്ചത്. പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽനിന്ന് സമീപവാസികളുടെ നേതൃത്വത്തിലാണ് വഴി നിർമിച്ചത്. 60 മീറ്റർ നീളത്തിൽ റോഡിന് ആവശ്യമായ 4.6 സെന്റ് ഭൂമിയാണ് വിട്ടുനൽകിയത്. നിലവിൽ ക്ഷേത്രത്തിലേക്ക് വഴിപോലുമില്ലായിരുന്നു. പെരിന്തൽമണ്ണ ആർ.ഡി.ഒ ഓഫിസിൽ മഞ്ഞളാംകുഴി അലി എം.എൽ.എ, ആർ.ഡി.ഒ എന്നിവരുടെ നേതൃത്വത്തിൽ തഹസിൽദാർ, വില്ലേജ് ഓഫിസർ, ഭൂവുടമകൾ, ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസർ എന്നിവർ നേരത്തേ നടന്ന ചർച്ചയിൽ വഴി നൽകാനുള്ള സ്ഥലം നൽകാമെന്ന് സ്ഥലമുടമകൾ സമ്മതിച്ചത്. താലൂക്കിലെ ഉദ്യോഗസ്ഥർ സർവേ നടത്തി റോഡ് മാപ്പ് തയാറാക്കുകയും ചെയ്തിരുന്നു.
ഇതിലൂടെയാണ് പഞ്ചായത്ത് അധികൃതരുടെയും മഞ്ഞളാംകുഴി അലി എം.എൽ.എയുടെയും നേതൃത്വത്തിൽ റോഡ് നിർമിച്ചത്. ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ പുനർനിർമാണം നടക്കുന്ന ക്ഷേത്രത്തിലേക്കുള്ള റോഡ്, വൈദ്യുതി എന്നിവക്ക് ഇതോടെ പരിഹാരമായി.
കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹുസൈൻ, ജില്ല പഞ്ചായത്ത് അംഗം ടി.പി. ഹാരിസ്, പഞ്ചായത്ത് അംഗം ശബീബ ഹമീദ്, സി.എച്ച്. ഫാറൂക്ക് മാസ്റ്റർ, ക്ഷേത്ര പൂജാരി വിഷ്ണു, എം.കെ. മുസ്തഫ, സി.ടി. ഹമീദ്, എം.കെ. കുഞ്ഞാലി എന്നിവർ നേതൃത്വം നൽകി. സൗജന്യമായി സ്ഥലം വിട്ടുനൽകിയ ഉടമകളെ അധികൃതർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

