റോഡ് വികസനം; ‘ചക്ക’ സ്കൂളിലെ പ്ലാവുകൾ മുറിച്ചു
text_fieldsതിരൂർ ജി.എം.യു.പി സ്കൂൾ കോമ്പൗണ്ടിലെ റോഡിനോട് ചേർന്ന മരങ്ങൾ മുറിച്ചുമാറ്റിയപ്പോൾ
തിരൂർ: ചക്കയുടെ പേരിൽ പ്രസിദ്ധമായ ചക്ക സ്കൂളിലെ (തിരൂർ ജി.എം.യു.പി സ്കൂൾ) അഞ്ച് പ്ലാവുകൾ ഉൾപ്പെടെയുള്ള മരങ്ങൾ മുറിച്ചുമാറ്റി. സ്കൂൾ കോമ്പൗണ്ടിലെ റോഡിനോട് ചേർന്ന പ്ലാവുകളും മരങ്ങളുമാണ് സ്കൂൾ അവധി ദിവസമായ ശനി, ഞായർ ദിവസങ്ങളിലായി മുറിച്ചത്. നേരത്തെ സ്കൂൾ പ്രവൃത്തി ദിവസം മരം മുറിക്കാനുള്ള നീക്കം സ്കൂൾ അധികൃതർ തടഞ്ഞിരുന്നു.
പിന്നീട്, അവധി ദിവസം മരങ്ങൾ മുറിക്കാൻ സ്കൂൾ അധികൃതരും പി.ടി.എ കമ്മിറ്റിയും അനുമതി നൽകുകയായിരുന്നു. തിരൂർ ജില്ല ആശുപത്രി റോഡ് വികസനത്തിന്റെ പേരിലാണ് തിരൂർ നഗരസഭ കരാർ നൽകിയ കരാറുകാരൻ മരങ്ങൾ മുറിച്ചത്.
സ്കൂൾ കോമ്പൗണ്ടിൽ ഇനിയും പ്ലാവുകൾ ഉണ്ടെങ്കിലും സ്കൂളിലെ പ്രവേശന കവാടത്തിലുള്ള പ്ലാവുകൾ മുറിച്ചത് ചക്ക സ്കൂളെന്ന വിളിപ്പേരിന് കോട്ടം തട്ടുന്നതാണെന്നാണ് നാട്ടുകാരുടെ അഭിപ്രായം. നിറയെ വലിയ പ്ലാവുകളും അതിൽ നിറയെ ചക്കകളുമുള്ളതിനാലാണ് തിരൂർ ജി.എം.യു.പി സ്കൂളിന് ചക്ക സ്കൂളെന്ന പേര് വന്നത്.

