പുഴയിൽ ഒഴുക്ക് കൂടി; തൂതപ്പാലം നിർമാണം നിലച്ചു
text_fieldsനിർമാണം നടക്കുന്ന തൂതപ്പാലത്തിന്റെ അപ്രോച്ച് റോഡിനോട് ചേർന്ന മൺതിട്ട ഇടിഞ്ഞുവീണ നിലയിൽ
പെരിന്തൽമണ്ണ: കനത്ത മഴയിൽ തൂതപ്പുഴയിൽ വെള്ളത്തിന്റെ ഒഴുക്ക് കൂടിയതും ജലനിരപ്പ് ഉയർന്നതും പുതിയ പാലത്തിന്റെ നിർമാണ പ്രവൃത്തികൾക്ക് തടസ്സമായി. ജൂണിൽ മഴ വരുന്നതിന് മുമ്പായി പാലം നിർമാണ പ്രവൃത്തികൾ ഏതാണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. മുണ്ടൂർ-തൂത സംസ്ഥാനപാതയുടെ നവീകരണ പദ്ധതിയിൽപെടുത്തിയാണ് ചെർപ്പുളശ്ശേരി-പെരിന്തൽമണ്ണ പാതയിലെ തൂതയിൽ പുഴക്കുകുറുകെ പുതിയ പാലം നിർമിക്കുന്നത്.
പഴയ പാലത്തിന് സമാന്തരമായി 10 മീറ്റർ വീതിയിലാണ് പുതിയ പാലം. മേയ് മാസത്തോടെ നിർമാണ പ്രവൃത്തികളുടെ ഭൂരിഭാഗവും തീർക്കാൻ ലക്ഷ്യമിട്ടിരുന്നു. പുഴയിൽ പാറകൾ നിരപ്പാക്കുന്ന പ്രവൃത്തികൾക്ക് കൂടുതൽ ദിവസങ്ങൾ വേണ്ടിവന്നു. ഇപ്പോൾ തൂണുകളുടെ നിർമാണം ഏതാണ്ട് പൂർത്തിയായി. എന്നാൽ, അപ്രതീക്ഷിതമായി മഴ എത്തിയതോടെ പ്രവൃത്തികൾ തുടരുന്നതിന് തടസ്സമായി.
കനത്ത മഴയിൽ പുഴയിൽ വെള്ളത്തിന്റെ ഒഴുക്ക് കൂടി. ഇതോടെ നിർമാണത്തിനുള്ള യന്ത്രസാമഗ്രികളും വാഹനങ്ങളും ഇറക്കുന്നതിന് മണ്ണും കല്ലും ഉപയോഗിച്ച് പുഴയിൽ താൽക്കാലികമായി നിർമിച്ചിരുന്ന ഓവുപാലം ഒലിച്ചുപോയി. ഇത് നിർമാണ പ്രവൃത്തികൾ തുടരുന്നതിന് തടസ്സമായി.
അതേസമയം, പാലത്തിന്റെ അപ്രോച്ച് റോഡിനോട് ചേർന്ന സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം കഴിഞ്ഞ ദിവസം പുഴയിലേക്ക് ഇടിഞ്ഞുവീണു. പാലത്തിന്റെ തൂൺ നിർമിക്കുന്നതിന് മണ്ണെടുത്ത ഭാഗത്തോട് ചേർന്ന സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗമാണ് ഇടിഞ്ഞുവീണത്. മലപ്പുറം -പാലക്കാട് ജില്ലകളുടെ അതിർത്തിയിലുള്ള പാലത്തിന്റെ വീതിക്കുറവ് ഇവിടെ നിത്യവും ഗതാഗത കുരുക്കിന് ഇടയാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

