തെരുവ് വിളക്കുകൾ മാറ്റി സ്ഥാപിക്കൽ; വിവരശേഖരണം നടത്താൻ കൗൺസിൽ തീരുമാനം
text_fieldsമലപ്പുറം: കേടുവന്നവ മാറ്റുന്നതിനും പുതിയവ സ്ഥാപിക്കുന്നതിനും തെരുവ് വിളക്കുകളുടെ വിവരശേഖരണം നടത്താൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. അതത് വാർഡുകളിലെ കൗൺസിലർമാർ പുതുതായി മാറ്റിസ്ഥാപിക്കേണ്ട ഇടങ്ങളുടെ വിവരങ്ങളും വൈദ്യുതി തൂണുകളും നിലവിൽ നഗരസഭയുടെ പട്ടികയിലില്ലാത്ത തെരുവുവിളക്കുകളുടെ വിവരങ്ങളും ഏപ്രിൽ 11ന് ഉച്ചക്ക് രണ്ടിനകം നഗരസഭയിൽ സമർപ്പിക്കണം.
തെരുവുവിളക്കുകൾ അറ്റകുറ്റപ്പണി നടത്തുന്നതിനും പുതിയവ സ്ഥാപിക്കുന്നതിനും കേരള ഇലക്ട്രിക് ലിമിറ്റഡുമായി (കെൽ) നഗരസഭ കരാർവെച്ചിട്ടുണ്ട്. നിലവിൽ നഗരസഭയിൽ പുതുതായി സ്ഥാപിച്ച വിളക്കുകളുടെ വാർഷിക അറ്റകുറ്റപ്പണി കരാർ (എ.എം.സി) 2026 മാർച്ച് വരെയുണ്ട്. അതേസമയം, മുമ്പ് സ്ഥാപിച്ച എ.എം.സി കഴിഞ്ഞ 2,000ത്തിലധികം തെരുവു വിളക്കുകളുമുണ്ട്.
ഇവ നന്നാക്കുന്നതിനും ആവശ്യമുള്ളയിടങ്ങളിലും പുതിയവ സ്ഥാപിക്കുന്നതിനുമാണ് കരാർവെച്ചിരിക്കുന്നത്. കേടുവന്ന തെരുവ് വിളക്കുകൾ മാറ്റി സ്ഥാപിക്കാത്തതിനാൽ വാർഡുകളിൽ പ്രാദേശികമായി നിരവധി പരാതികളാണ് കൗൺസിലർമാർ നേരിടുന്നത്. വാർഡ് തല വിവര ശേഖരണം പൂർത്തീകരിച്ച് കഴിഞ്ഞാൽ തുടർനടപടി വേഗത്തിലാക്കാനാണ് നഗരസഭയുടെ തീരുമാനം. യോഗത്തിൽ നഗരസഭാധ്യക്ഷൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു.
താലൂക്ക് ആശുപത്രി വയറിങ്: ഫണ്ടിന് ഇന്ന് ഡി.പി.സി അംഗീകാരം നൽകും
കോട്ടപ്പടി താലൂക്ക് ആശുപത്രിയിൽ തീപിടിത്തത്തെ തുടർന്ന് ഓപറേഷൻ തിയറ്ററിന് സമീപത്തെ വയറിങ് നശിച്ചതു നന്നാക്കാൻ അനുവദിച്ച ആറര ലക്ഷം രൂപയുടെ പദ്ധതിക്കും ആശുപത്രിയിൽ മറ്റു സൗകര്യങ്ങളൊരുക്കുന്നതിനുമുള്ള 40 ലക്ഷം രൂപയുടെ പദ്ധതിക്കും ബുധനാഴ്ച ചേരുന്ന ഡി.പി.സി യോഗം അംഗീകാരം നൽകിയാൽ നടപടികൾ വേഗത്തിലാക്കുമെന്ന് നഗരസഭാധ്യക്ഷൻ മുജീബ് കാടേരി അറിയിച്ചു. ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകുന്ന ആശുപത്രിയിലെ എല്ലാ അടിയന്തര പ്രശ്നങ്ങളും വേഗത്തിൽ പരിഹരിക്കാനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

