ആലപ്പുഴ ഡബ്ല്യു.സി.എന്‍.ബി റോഡ് നവീകരണം തുടങ്ങി
text_fieldsതിങ്കളാഴ്ച ടാറിങ് പൂർത്തിയായ മട്ടാഞ്ചേരി പാലം വടക്കേകര മുതല്‍ വൈ.എം.സി.എ പാലം
വരെയുള്ള റോഡ്
ആലപ്പുഴ: നഗരത്തിലെ ഡബ്ലിയു.സി.എന്‍.ബി റോഡില്‍ മട്ടാഞ്ചേരി പാലം വടക്കേ കര മുതല്‍ വൈ.എം.സി.എ പാലം വരെയുള്ള ഭാഗം നവീകരണം തുടങ്ങി. ടാർ ഇളകി സഞ്ചാരം ദുഷ്കരമായ റോഡ് പൊതുമരാമത്ത് വകുപ്പാണ് 45 ലക്ഷം രൂപ ചെലവിൽ നവീകരിക്കുന്നത്. ടാർ ഇളകി കുഴികൾ രൂപപ്പെട്ടിരുന്നതിനാൽ ഇരുചക്രവാഹനങ്ങൾക്ക് കടന്നുപോകാൻ പ്രയാസമായിരുന്നു. ഞായറാഴ്ച ബി.എം. ബി.സി ടാറിങ് നടന്നു. ഇനി വെള്ള വരകൾ രേഖപ്പെടുത്തി റിഫ്ലക്ടറുകൾ സ്ഥാപിക്കും. ട്രാഫിക് സിഗ്നൽ ബോർഡുകളും സ്ഥാപിക്കും. നഗരസഭയുടെയും ചില ഗ്രാമ പഞ്ചായത്തുകളുടെയും റോഡുകൾ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നവീകരിക്കുന്നുണ്ട്. 30 ഓളം റോഡുകളാണ് ഈ വിധം പൊതുമരാമത്ത് വകുപ്പ് പുനർ നിർമിക്കുന്നത്. എല്ലാ ഇടത്തും ഉന്നത നിലവാരത്തിലുള്ള ടാറിങ്ങാണ് നടത്തുക. ഡിസംബറോടെ എല്ലാ റോഡുകളും പൂർത്തീകരിക്കും. അതിന്റെ ഭാഗമായാണ് ഡബ്ല്യു.സി.എന്‍.ബി റോഡിലും നിർമാണം നടക്കുന്നത്. രണ്ട് ദിവസത്തിനകം പൂർത്തീകരിക്കും.
സിറ്റി ഗ്യാസ് പദ്ധതിക്കുവേണ്ടി നഗരത്തിലെ മിക്ക റോഡുകളും കുഴിച്ചിരുന്നു. പൈപ്പ് സ്ഥാപിച്ച ശേഷം റോഡുകൾ ടാർ ചെയ്ത് പൂർവ സ്ഥിതിയിലാക്കേണ്ട ചുമതല സിറ്റി ഗ്യാസിനായി കുഴിയെടുക്കുന്ന കമ്പനിക്ക് തന്നെയാണ്. അവർ കൃത്യമായി ചെയ്യാത്തതിനാൽ പ്രധാനപ്പെട്ട പല റോഡുകളും കുഴികൾ നിറഞ്ഞ നിലയിലാണ്. റീടാർ ചെയ്ത ഇടങ്ങളിൽ ചിലയിടങ്ങളിൽ ദിവസങ്ങൾക്കകം കുഴികൾ രൂപപ്പെട്ടിട്ടുമുണ്ട്. റീടാറിങ് കാര്യക്ഷമമായി ചെയ്യാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചത്. പൈപ്പിടുന്നതിനായി കുഴിച്ച സ്ഥലങ്ങളിൽ അടിയിലെ മണ്ണ് ഉറപ്പിക്കാതെയാണ് റീടാർ ചെയ്യുന്നതെന്ന് വ്യാപാരികൾ പറയുന്നു. ഉന്നത നിലവാരത്തിൽ ടാർ ചെയ്തിരുന്ന റോഡുകളിൽ ഒരു നിലവാരവുമില്ലാത്ത ടാറിങ്ങാണ് സിറ്റി ഗ്യാസ് അധികൃതർ നടത്തുന്നതെന്നാണ് പരാതി ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

