ഇനി ശരിക്കും കുളമാവും
text_fieldsഎടയൂർ ഒടുങ്ങാട്ടുകുളം നവീകരണത്തിന്റെ ഭാഗമായി മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിക്കുന്നു
എടയൂർ: ഒടുങ്ങാട്ടുകുളത്തിലെ മാലിന്യവും ചളിയും നീക്കാൻ തുടങ്ങി. പഞ്ചായത്ത് നാലാം വാർഡിൽ വളാഞ്ചേരി - എടയൂർ- മലപ്പുറം റോഡിനോട് ചേർന്ന് ഒരേക്കറോളം വ്യാപിച്ചിരിക്കുന്ന ഒടുങ്ങാട്ടുകുളത്തിൽ വ്യാപകമായി പായലുകൾ വളർന്നിരുന്നു.
ഇതേതുടർന്ന് കുളത്തിൽ നീന്താനും കുളിക്കാനും സാധിച്ചിരുന്നില്ല. റോഡിനോട് ചേർന്ന ഭാഗത്തെ ഭിത്തി തകർന്ന് കരിങ്കല്ലുകൾ കുളത്തിൽ പതിക്കുകയും ചെയ്തിരുന്നു. രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധർ പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെ നിരവധി മാലിന്യം കുളത്തിൽ തള്ളിയിരുന്നു.
വ്യാപകമായി മത്സ്യങ്ങൾ ചത്തുപൊങ്ങിയതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ ഇടപെട്ട് ജനത്തെ കുളത്തിൽ ഇറങ്ങുന്നതിൽനിന്ന് വിലക്കിയിരുന്നു.
കടുത്ത വേനലിലും ഏറെ ആശ്വാസമായിരുന്ന കുളത്തിലേക്ക് വിദൂര പ്രദേശത്തു നിന്നുപോലും ധാരാളം പേർ എത്താറുണ്ട്. കരിങ്കൽ ഭിത്തികൾ കെട്ടിയ കുളത്തിന് ചുറ്റുമുള്ള നടപ്പാതകൾ ഇഷ്ടിക പതിച്ചും ജലസംരക്ഷണ ബോധവൽകരണ സന്ദേശങ്ങൾ എഴുതിയും, ഇരിപ്പിടങ്ങൾ സ്ഥാപിച്ചും നവീകരിച്ചിരുന്നു. കൂടാതെ കുളത്തിന് സമീപം ഓപ്പൺ സ്റ്റേജും മിനി മാസ്റ്റ് വൈദ്യുതി വിളക്കും സ്ഥാപിച്ചു.
കുളത്തിന്റെ ശോച്യാവസ്ഥക്ക് അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഉൾപ്പെടെ വിവിധ സംഘടനകൾ പ്രക്ഷോഭവും നടത്തി.
ഇതേതുടർന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേർന്ന് കുളം നവീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി പഞ്ചായത്ത് എട്ട് ലക്ഷം രൂപ വകയിരുത്തി.
പഞ്ചായത്ത് പ്രസിഡൻറ് ഹസീന ഇബ്രാഹിം, വൈസ് പ്രസിഡന്റ് കെ.പി. വേലായുധൻ, ക്ഷേമകാര്യ സ്ഥിര സമിതി അധ്യക്ഷൻ ജഹ്ഫർ പുതുക്കുടി, അംഗങ്ങളായ കെ.കെ. രാജീവ്, ഫാത്തിമത് തസ്നി, കെ.ടി നൗഷാദ്, പി.ടി. അയ്യൂബ്, കെ.പി. വിശ്വാനാഥൻ എന്നിവർ സ്ഥലം സന്ദർശിച്ച് പ്രവൃത്തി പുരോഗതി വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

