മെഡിക്കൽ കോളജിലെ താൽക്കാലിക ജീവനക്കാർക്ക് ആശ്വാസം
text_fieldsമഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാർക്ക് ആശ്വാസം. ജീവനക്കാരുടെ വേതനം കൂട്ടാൻ ആശുപത്രി വികസന സമിതി യോഗത്തിൽ തീരുമാനം. 10 വർഷത്തിൽ കൂടുതൽ ജോലി പരിചയമുള്ളവർക്ക് ദിവസം 100 രൂപയും അല്ലാത്തവർക്ക് 50 രൂപയും വർധിപ്പിക്കും. ഈ മാസം മുതൽ വർധന പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ പറഞ്ഞു.
ആശുപത്രിയിൽ എച്ച്.ഡി.എസിന് കീഴിൽ ജോലി ചെയ്യുന്ന നാനൂറോളം ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. നഴ്സ്, ലാബ് അസിസ്റ്റന്റ്, സെക്യൂരിറ്റി, ശുചീകരണ വിഭാഗം എന്നിവിടങ്ങളിലെല്ലാം ജോലി ചെയ്യുന്നു. 2019ലാണ് മുമ്പ് വേതനം കൂട്ടിയത്. ഫണ്ടിന്റെ ലഭ്യതയനുസരിച്ച് ആയിരിക്കും വേതനം നൽകുക. ആശുപത്രിയുടെ ദൈനംദിനം പ്രവർത്തനങ്ങൾ തടസ്സമുണ്ടാക്കാത്ത രീതിയിലായിരിക്കും വേതനം നൽകുക. ജീവനക്കാരുടെ വേതനം പലപ്പോഴും കുടിശികയാണ്. വേതനം വൈകുന്നതിനെതിരെ ജീവനക്കാർ നേരത്തെ പ്രതിഷേധം നടത്തുകയും ചെയ്തിട്ടുണ്ട്. ആശുപത്രി ലാബിൽ നടത്താത്ത ടെസ്റ്റുകൾ എച്ച്.എൽ.എല്ലിനു നൽകാനും ധാരണയായി. മെഡിക്കൽ കോളജ് റോഡ് വികസനം സംബന്ധിച്ച സാങ്കേതിക തടസ്സം കലക്ടറുമായി ചർച്ച ചെയ്യും. റോഡ് വികസനത്തിനു യു.എ. ലത്തീഫ് എം.എൽ.എ 80 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ആശുപത്രിയുടെ മതിൽ പൊളിച്ച് സ്ഥലം വിട്ടുനൽകാൻ സർക്കാറിന്റെ അനുമതി വേണമെന്നതാണ് തടസ്സമാകുന്നത്. 2019ൽ സർക്കാർ അനുമതി ലഭിച്ചതാണ്. റോഡ് വീതി കൂട്ടണമെന്ന് ഐക്യകണ്ഠമായി തീരുമാനിച്ചു.
യു.എ. ലത്തീഫ് എം.എൽ.എ, നഗരസഭാധ്യക്ഷൻ വല്ലാഞ്ചിറ അബ്ദുൽ മജീദ്, പ്രിൻസിപ്പൽ ഡോ. കെ.കെ. അനിൽ രാജ്, സൂപ്രണ്ട് ഡോ. പ്രഭുദാസ്, വി.എം. ഷൗക്കത്ത്, എ.ഡി.എം കെ. ദേവകി, യാസർ പട്ടർകുളം, സബാഹ് പുൽപറ്റ, വി.പി. ഫിറോസ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

