മലബാർ സമരത്തെ സ്വാതന്ത്ര്യ സമരത്തിൽനിന്ന് അടർത്തിമാറ്റാനുള്ള നീക്കം വിലപ്പോവില്ല –പി. മുജീബ്റഹ്മാൻ
text_fieldsജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റി നൂറിലധികം കേന്ദ്രങ്ങളിൽ നടത്തിയ പ്രാദേശിക ചരിത്ര
സദസ്സിെൻറ ഭാഗമായി വണ്ടൂരിൽ നടന്ന സമ്മേളനം പി. മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറം: ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ നാട്ടിൽനിന്ന് കെട്ടുകെട്ടിക്കാൻ രക്തവും ജീവനും നൽകി മലബാർ ജനത നടത്തിയ 1921ലെ പോരാട്ടത്തെ സ്വാതന്ത്ര്യ സമരത്തിൽനിന്ന് അടർത്തിമാറ്റാനുള്ള നീക്കം വിലപ്പോവില്ലെന്ന് ജമാഅത്തെ ഇസ്ലാമി കേരള അസി. അമീർ പി. മുജീബ് റഹ്മാൻ പറഞ്ഞു.
നാടിനു വേണ്ടി ജീവൻ ത്യജിച്ച ധീര ദേശാഭിമാനികളെ രക്തസാക്ഷി പട്ടികയിൽനിന്ന് നീക്കാനും സംഘ്പരിവാർ ഭരണകൂട നീക്കം മതേതര സമൂഹം ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'1921 അധിനിവേശ വിരുദ്ധ പോരാട്ടത്തിെൻറ മലബാർ പാഠങ്ങൾ' എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല നൂറിലധികം കേന്ദ്രങ്ങളിൽ നടത്തിയ പ്രാദേശിക ചരിത്ര സദസ്സിെൻറ ഭാഗമായി വണ്ടൂരിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചരിത്രയാഥാർഥ്യങ്ങളെ വളച്ചൊടിച്ച് അസത്യം പ്രചരിപ്പിക്കാമെന്നത് ഫാഷിസ്റ്റുകളുടെ വ്യാമോഹം മാത്രമാണ്. പിറന്ന നാടിനെ അധിനിവേശ ശക്തികളിൽനിന്ന് വിമോചിപ്പിക്കേണ്ടത് മതപരമായ ബാധ്യതയാെണന്നു തിരിച്ചറിഞ്ഞ് മലബാറിലെ മുസ്ലിം സമൂഹം ഇതര മതസമൂഹങ്ങളോട് ചേർന്നുനിന്ന് നടത്തിയ സമരത്തെ കളവുകൾ ആവർത്തിച്ച് ഇരുട്ടാക്കാനാണ് ശ്രമം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏരിയ പ്രസിഡൻറ് മുജീബുറഹ്മാൻ അധ്യക്ഷത വഹിച്ചു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രാദേശിക ചരിത്ര സദസ്സിൽ ജമാഅത്തെ ഇസ്ലാമി സെക്രട്ടറിമാരായ ശൈഖ് മുഹമ്മദ് കാരകുന്ന്, ഷിഹാബ് പൂക്കോട്ടൂർ, അബ്ദുൽ ഹക്കീം നദ്വി, ജി.ഐ.ഒ പ്രസിഡൻറ് സുഹാന അബ്ദുൽ ലത്തീഫ്, സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡൻറ് സി.ടി. ശുഹൈബ്, എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് അംജത് അലി, സലീം മമ്പാട്, എം.സി. നസീർ, ഹബീബ് ജഹാൻ, എ.ടി. ഷറഫുദ്ദീൻ, സമീർ കാളികാവ് തുടങ്ങിയവർ സംസാരിച്ചു.