മങ്ങാട്ടുപുലം-ഹാജിയാര്‍പള്ളി തൂക്കുപാലം പുനര്‍നിര്‍മാണം നിർത്തിവെച്ചു
text_fieldsമങ്ങാട്ടുപുലം-ഹാജിയാര്‍പള്ളി തൂക്കുപാലം പദ്ധതി പ്രദേശം
മലപ്പുറം: മങ്ങാട്ടുപുലം-ഹാജിയാര്‍പള്ളി തൂക്കുപാലം പുനര്‍ നിര്‍മാണ പ്രവൃത്തി നിർത്തിവെച്ചു. തൂക്കുപാലത്തിന്റെ തൂണുകളുടെ രൂപരേഖയിൽ മാറ്റം ആവശ്യപ്പെട്ട് നിർമാണ ഏജൻസിയായ സ്റ്റീൽ ഇന്റസ്ട്രിയൽസ് കേരള ലിമിറ്റഡ് (സിൽക്) സർക്കാരിന് അപേക്ഷ സമർപ്പിച്ചതോടെയാണ് നിർമാണ പ്രവൃത്തികൾ നിർത്തിയത്. ഈ വർഷം ജനുവരി 18നാണ് പ്രവൃത്തി ആരംഭിച്ചത്. തുടർന്ന് കടലുണ്ടിപുഴയിൽ പൈലിങ്ങും ആരംഭിച്ചു. നിലവിലുണ്ടായിരുന്ന രൂപരേഖ പ്രകാരം പുഴയിൽ തൂണുകൾക്കായി മങ്ങാട്ടുപുലം ഭാഗത്ത് കുഴിയെടുത്തപ്പോൾ വലിയ പാറ കണ്ടെത്തി. രൂപരേഖ പ്രകാരമുള്ള തൂൺ ഈ ഭാഗത്ത് സ്ഥാപിക്കാൻ കഴിയില്ലെന്ന് കണ്ടെത്തിയതോടെയാണ് സിൽക് രൂപരേഖയിൽ മാറ്റം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചത്.
ഇതോടെ പ്രവൃത്തി നിർത്തിവെച്ചു. പുതിയ രൂപരേഖക്ക് സർക്കാർ അംഗീകാരം ലഭിച്ച് എസ്റ്റിമേറ്റ് റിവേഴ്സ് ചെയ്താൽ മാത്രമേ ഇനി പണി ആരംഭിക്കാൻ ആകൂ. ഇതിനിടെ മഴക്കാലം വരുന്നതോടെ പുഴയിലെ ജലനിരപ്പും ഉയരും. തൂക്കുപാലത്തിന്റെ പണി അനന്തമായി നീളും. നിലവിലെ സാഹചര്യത്തിൽ ഡിസംബറോടെ മാത്രമേ പണി പുനരാംഭിക്കാൻ സാധ്യതമാകുവെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
പാലം തകർന്നത് 2019ൽ
2019 പ്രളയത്തിലാണ് തൂക്കുപാലം തകർന്നത്. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി സ്വാതന്ത്ര്യ സുവർണ ജൂബിലി സ്മാരകമായി 1997ൽ പണിത പാലമായിരുന്നു ഇത്. 22 വർഷത്തിന് ശേഷം ശക്തമായ പ്രളയത്തിൽ തകർന്ന് പോകുകയായിരുന്നു. പാലം തകർന്ന് അഞ്ച് വർഷത്തിലേക്ക് കടക്കുമ്പോഴായിരുന്നു നിർമാണം തുടങ്ങിയത്.
2023 മേയ് മാസത്തിൽ മന്ത്രി വി. അബ്ദുറഹ്മാൻ പ്രവൃത്തിയുടെ പുനർനിർമാണത്തിന് തറക്കലിട്ടിരുന്നു. പദ്ധതിക്ക് ആദ്യഘട്ടത്തിൽ 75 ലക്ഷമാണ് അനുവദിച്ചത്. ഇത് പിന്നീട് 1.25 കോടിയായി വർധിപ്പിച്ചു. എസ്റ്റിമേറ്റ് തുക ഇതിനെക്കാൾ അധികമായിരുന്നു. ബാക്കി തുക കണ്ടെത്താനാകില്ലെന്ന് തദ്ദേശസ്ഥാപനങ്ങൾ സർക്കാറിനെ അറിയിച്ചിരുന്നു. തുടർന്നാണ് 2.31 കോടി രൂപയും പിന്നീട് 2.65 കോടിയായും 2.9 കോടിയായും ഉയർത്തിയത്. 2022 ഡിസംബറിൽ തുക വർധിപ്പിച്ച് 3.05 കോടിയാക്കി. മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതി(സി.എം.എൽ.ആർ.ആർ.പി) യിൽ ഉൾപ്പെടുത്തിയാണ് പ്രവൃത്തി നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

