ക്വാറികളുടെ പ്രവര്‍ത്തന നിരീക്ഷണം; ജില്ലയില്‍ ഡ്രോണ്‍- ലിഡാര്‍ സംവിധാനം പേരിന് മാത്രം
text_fieldsതേഞ്ഞിപ്പലം: ക്വാറികളുടെ പ്രവര്‍ത്തനം കൃത്യമായി പരിശോധിക്കാനും നിരീക്ഷിക്കാനുമുള്ള ഡ്രോണ്‍- ലിഡാര്‍ സംവിധാനം ജില്ലയില്‍ പേരിന് മാത്രം. ഡ്രോണ്‍-ലിഡാര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ക്വാറി നിരീക്ഷണം വിപ്ലവകരമായ ചുവടുവെപ്പായിരുന്നുവെങ്കിലും സർവേ നടത്താന്‍ ആവശ്യത്തിന് ഡ്രോണുകളോ വൈദഗ്ധ്യമുള്ള സാങ്കേതിക വിദഗ്ധരോ ഇല്ലാത്തതിനാല്‍ റിപ്പോര്‍ട്ട് ലഭിക്കാന്‍ കാലതാമസം. ക്വാറിയില്‍ നിന്ന് എത്രത്തോളം പാറ ഖനനം ചെയ്തു എന്നത് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി അളക്കുകയായിരുന്നു പതിവ്.
ഇതില്‍ വലിയ അട്ടിമറികള്‍ നടന്നിരുന്നു. എന്നാല്‍, ഡ്രോണ്‍ സർവേ വഴി ക്വാറിയുടെ ത്രീഡി ചിത്രം ലഭിക്കുന്നതിനാല്‍ അനുവദിനീയമായ പരിധി ലംഘിച്ച് താഴേക്കോ വശങ്ങളിലേക്കോ ഖനനം നടത്തിയിട്ടുണ്ടെങ്കില്‍ കൃത്യമായി കണ്ടെത്താന്‍ സാധിക്കും. അനുവദിച്ച അളവിലും കൂടുതല്‍ പാറ പൊട്ടിച്ച നിരവധി ക്വാറികളെ ഡ്രോണ്‍ സർവേയിലൂടെ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് കൈയോടെ പിടികൂടിയിരുന്നു. ജില്ലയില്‍ ഉള്‍പ്പെടെ പല പ്രമുഖ ക്വാറികള്‍ക്കും ലക്ഷക്കണക്കിന് രൂപയാണ് ഈ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പിഴ ചുമത്തിയത്. തങ്ങള്‍ക്ക് അനുവദിച്ച ഭൂമിക്ക് പുറത്തുള്ള പുറമ്പോക്ക് ഭൂമിയിലേക്കോ വനഭൂമിയിലേക്കോ ക്വാറികള്‍ വ്യാപിപ്പിക്കുന്നത് ഡിജിറ്റല്‍ മാപ്പിങ് വഴി വേഗത്തില്‍ തിരിച്ചറിയാനും സാധിക്കും.
സംസ്ഥാനത്ത് കെല്‍ട്രോണ്‍ പോലുള്ള ഏജന്‍സികളെയാണ് സർവേ നടത്താന്‍ ചുമതലപ്പെടുത്തിയത്. എന്നാല്‍, ജില്ലയില്‍ നൂറുകണക്കിന് ക്വാറികള്‍ ഉള്ളപ്പോള്‍ കൃത്യമായ നിരീക്ഷണം നടത്താന്‍ ആവശ്യമായ സജ്ജീകരണങ്ങളില്ല. ഡ്രോണ്‍ സർവേ സാധാരണയായി വര്‍ഷത്തിലൊരിക്കലോ ലൈസന്‍സ് പുതുക്കുന്ന സമയത്തോ മാത്രമാണ് നടക്കുന്നത്. സർവേ കഴിഞ്ഞ് അടുത്ത പരിശോധന നടക്കുന്നത് വരെയുള്ള മാസങ്ങളില്‍ ക്വാറി ഉടമകള്‍ക്ക് വീണ്ടും അനിയന്ത്രിതമായി ഖനനം നടത്താന്‍ സാധിക്കുന്നുണ്ട്. ഇത് തടയാനുള്ള നിരീക്ഷണ സംവിധാനം ഇപ്പോഴില്ല. ജില്ലയില്‍ ആകെ 80ലധികം വലിയ കരിങ്കല്‍ ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതിയുണ്ട്.
ഉദ്യോഗസ്ഥ ക്ഷാമവും അഴിമതിയും വെല്ലുവിളി
തേഞ്ഞിപ്പലം: ഉദ്യോഗസ്ഥ ക്ഷാമവും അഴിമതിയും നിയമപോരാട്ടവും ക്വാറികളുടെ അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയുന്നതില്‍ പ്രധാന വെല്ലുവിളി. ഡ്രോണ്‍ നല്കുന്ന ഡിജിറ്റല്‍ ഡാറ്റകൾ പരിശോധിച്ച് നടപടിയെടുക്കേണ്ടത് മൈനിങ് ആൻഡ് ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥരാണ്. എന്നാല്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ഫയലുകള്‍ കെട്ടിക്കിടക്കാനിടയാക്കുന്നു. ഡ്രോണ്‍ റിപ്പോര്‍ട്ടുകള്‍ അട്ടിമറിക്കാന്‍ പ്രാദേശിക തലത്തില്‍ ഉദ്യോഗസ്ഥരും ക്വാറി മാഫിയയും തമ്മില്‍ ഒത്തുകളിക്കുന്നതായും ആക്ഷേപമുണ്ട്. ഡ്രോണ്‍ സര്‍വേയുടെ ശാസ്ത്രീയത ചോദ്യം ചെയ്ത് ക്വാറി ഉടമകള്‍ കോടതികളെ സമീപിക്കുന്നതും കര്‍ശന നടപടികള്‍ വൈകാന്‍ പലപ്പോഴും കാരണമാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

