പുതുമോടിയിൽ റെയിൽവേ സ്റ്റേഷനുകൾ തിരൂർ, പരപ്പനങ്ങാടി, നിലമ്പൂർ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു
text_fieldsഅമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി നവീകരിച്ച തിരൂർ റെയിൽവേ സ്റ്റേഷന്റെ ഉദ്ഘാടനച്ചടങ്ങിൽ പൊന്നാനി എം.പി. ഡോ. എം.പി. അബ്ദുസ്സമദ് സമദാനി ശിലാഫലകം അനാച്ഛാദനം ചെയ്ത് സംസാരിക്കുന്നു
തിരൂർ: അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി 26.5 കോടി രൂപ ചെലവഴിച്ച് മോടി കൂട്ടിയ തിരൂർ റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഉച്ചക്ക് 3.30ന് ഓൺലൈൻ മുഖേന രാജ്യത്തിന് സമർപ്പിച്ചു. തിരൂരിൽ പ്രത്യേകം സജ്ജീകരിച്ച സംവിധാനത്തിലൂടെ ഉദ്ഘാടനച്ചടങ്ങ് തത്സമയം പ്രദർശിപ്പിച്ചു. പൊന്നാനി എം.പി ഡോ. എം.പി. അബ്ദുസ്സമദ് സമദാനി ശിലാഫലകം അനാച്ഛാദനം ചെയ്തു.
കുറുക്കോളി മൊയ്തീൻ എം.എൽ.എ, തിരൂർ നഗരസഭ ചെയർമാൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി, വൈസ് ചെയർപേഴ്സൻ സിന്ധു മംഗലശ്ശേരി, പാലക്കാട് റെയിൽവേ ഡിവിഷൻ പ്രിൻസിപ്പൽ ചീഫ് സേഫ്റ്റി ഓഫീസർ ലളിത് കുമാർ മൻസുഖാനി, സീനിയർ ഡിവിഷണൽ കോഓർഡിനേറ്റർ മുഹമ്മദ് അസ്ലം എന്നിവർ സംസാരിച്ചു.
അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി സ്റ്റേഷനിൽ സമഗ്ര നവീകരണമാണ് നടപ്പാക്കിയത്. സ്റ്റേഷൻ കെട്ടിടം, പ്ലാറ്റ്ഫോമുകൾ, പരിസരം എന്നിവ സൗന്ദര്യവൽക്കരിക്കുകയും ആധുനികവത്കരിക്കുകയും ചെയ്തു. തിരൂരിന് പുറമെ പരപ്പനങ്ങാടി, നിലമ്പൂർ റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനവും വെള്ളിയാഴ്ച നടന്നു. നവീകരിച്ച കുറ്റിപ്പുറം സ്റ്റേഷൻ നേരത്തെ തന്നെ യാത്രക്കാർക്കായി തുറന്നു നൽകിയിരുന്നു.
പ്രധാന ട്രെയിനുകൾക്ക് തിരൂരിൽ സ്റ്റോപ്പ്: പരിശ്രമം തുടരുമെന്ന് സമദാനി
തിരൂർ: തിരൂരിൽ നിലവിൽ സ്റ്റോപ്പില്ലാത്ത പ്രധാന ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതുവരെ പരിശ്രമം തുടരുമെന്ന് പൊന്നാനി എം.പി. ഡോ. എം.പി. അബ്ദുസ്സമദ് സമദാനി പറഞ്ഞു. അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി നവീകരിച്ച തിരൂർ റെയിൽവേ സ്റ്റേഷന്റെ ഉദ്ഘാടനച്ചടങ്ങിൽ ശിലാഫലകം അനാച്ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒന്നാം വന്ദേഭാരത് എക്സ്പ്രസിനും രാജധാനി എക്സ്പ്രസിനും ഉൾപ്പെടെ പ്രധാന ട്രെയിനുകൾക്ക് തിരൂരിൽ ഉടൻ സ്റ്റോപ്പ് ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

