പുഴയിൽ മുങ്ങിയ കുട്ടികൾക്ക് രക്ഷകരായി യുവതാരങ്ങൾ
text_fieldsറഷീദ് പാലോളി,സാബിർ
പുലാമന്തോൾ: വീട്ടുകാരോടൊപ്പം കുന്തിപ്പുഴയിൽ കുളിക്കാനിറങ്ങി വെള്ളത്തിൽ മുങ്ങിയ കുട്ടികൾക്ക് രക്ഷകരായി യുവതാരങ്ങൾ. മൂർക്കനാട് വടക്കുംപുറം കുന്തിപ്പുഴ കടവിൽ കുളിക്കാനിറങ്ങിയ രണ്ട് പെൺകുട്ടികൾ കാൽ വഴുതി പുഴയിലെ ആഴത്തിലേക്ക് മുങ്ങിത്താഴുേമ്പാഴാണ് വളപുരം സ്വദേശി റഷീദ് പാലോളിയും വിളയൂർ കണ്ടേങ്കാവ് സ്വദേശി സാബിറും എത്തിയത്.
ഞായറാഴ്ച കാലത്ത് മീൻ പിടിക്കുന്നതിനിടെ പുഴയുടെ മറുകരയിൽ നിന്ന് സ്ത്രീകളുടെ നിലവിളി കേട്ടു. കുട്ടികൾ കളിക്കുകയാണെന്നാണ് ആദ്യം കരുതിയത്. തുടർന്നും നിലവിളി കേട്ടതോടെ പന്തികേട് തോന്നി.
ഇവർ ഉടൻ പുഴയിലേക്ക് ചാടി എതിർവശത്തുള്ള വടക്കും പുറം കടവിലേക്ക് നീന്തിയെത്തി. മുങ്ങി താഴുന്ന രണ്ട് പേരേയും പൊക്കിയെടുത്ത് കരക്കെത്തിക്കുകയായിരുന്നു. മക്കളുടെ ജീവൻ രക്ഷിച്ചതിൽ ആ കുടുംബവും നാട്ടുകാരും റഷീദിനും സാബിറിനും നന്ദി അറിയിച്ചു.