ദേശീയ ജൂനിയർ വുഷു ചാമ്പ്യൻഷിപ്: സ്വർണത്തിളക്കവുമായി ജാസിൽ
text_fieldsപുലാമന്തോൾ: പഞ്ചാബിലെ ജലന്ധറിൽ നടന്ന ദേശീയ ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ സ്വർണത്തിളക്കവുമായി മുഹമ്മദ് ജാസിൽ. തവ്ലു വിഭാഗത്തിൽ ഗുങ്ഷുവിലാണ് സ്വർണം നേടിയത്. ദാവോ വുഷുവിൽ വെള്ളിയും നേടി കേരളത്തിന് ഇരട്ട മെഡലാണ് ജാസിൽ സമ്മാനിച്ചത്.
കഴിഞ്ഞ തവണയും ദേശീയ തലത്തിൽ ഈ വിഭാഗത്തിലും പെങ്കാക്ക് സിലാട്ട് വിഭാഗത്തിലും വെങ്കല മെഡലുകൾ നേടിയിരുന്നു. വാൾ, വടി, കുന്തം തുടങ്ങിയവ ഉപയോഗിക്കുന്നതോടൊപ്പം മെയ്വഴക്കവും ചലന വേഗവും ആവശ്യമായ മത്സരത്തിൽ പരിശീലന മികവാണ് ജാസിലിന് തുണയായത്. ആയോധന പരിശീലന മേഖലയിൽ മൂന്നാം വയസ്സിൽ തന്നെ ചുവടുകൾ വെച്ചു തുടങ്ങി. കളരി, കരാ േട്ട, യോഗ, കിക്ക് ബോക്സിങ്, പെങ്കോക്ക് സിലാട്ട്, വുഷു തുടങ്ങിയ മേഖലയിൽ മികവ് തെളിയിച്ചു.
പുലാമന്തോൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയായ ഈ 17കാരൻ ആയോധനകലയിൽ മികച്ച പരിശീലകൻ കൂടിയാണ്. ചെറുകര പുളിങ്കാവ് സ്വദേശിയും പുലാമന്തോൾ ഐ.എസ്.കെ മാർഷൽ ആർട്സ് മുഖ്യ പരിശീലകനുമായ മുഹമ്മദലി -സാജിദ ദമ്പതികളുടെ മകനുമാണ്. പുലാമന്തോൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായ എ. മുഹമ്മദ് ഹാരിസ്, പി. സന ഫാത്തിമ, പി. ഗോപിക, ഐ.എസ്.കെ മാർഷൽ ആർട്സിൽ നിന്നുള്ള വി. വൈഷ്ണവ്, കെ. മുഹമ്മദ് സാലിഹ് എന്നിവരും ജാസിലിനെ അനുഗമിച്ച് മത്സരത്തിൽ പങ്കെടുത്തു.