ലോറി കയറ്റത്തിൽനിന്ന് പിറകിലേക്കിറങ്ങി ബസുകളിലിടിച്ചു
text_fieldsപുലാമന്തോൾ: കയറ്റത്തിൽനിന്ന് പിന്നിലേക്കിറങ്ങിയ ടോറസ് ലോറി ബസുകളിലിടിച്ച് യാത്രക്കാർക്ക് പരിക്ക്. പെരിന്തൽമണ്ണ -വളാഞ്ചേരി റൂട്ടിൽ മാലാപറമ്പ് സ്വകാര്യ മെഡിക്കൽ കോളജിനും എം.ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളജിനുമിടക്കുള്ള കയറ്റത്തിൽ വ്യാഴാഴ്ച വൈകീട്ട് ആറിനാണ് സംഭവം. പെരിന്തൽമണ്ണ ഭാഗത്തുനിന്ന് അമിതഭാരവുമായി വരുകയായിരുന്ന ലോറി കയറ്റവും വളവുകളും ഉള്ള റോഡിൽ കയറ്റം കയറിക്കൊണ്ടിരിക്കെ പിറകിലേക്കിറങ്ങുകയായിരുന്നു.
എം.പി.കെ, സി.കെ.ബി എന്നീ ബസുകളുൾപ്പെടെ നിരവധി വാഹനങ്ങൾ ടോറസിനു പിറകെ സഞ്ചരിച്ചിരുന്നു. ടോറസ് പിറകിലേക്കിറങ്ങുന്നത് കണ്ട് യാത്രക്കാരില്ലാതെ സഞ്ചരിക്കുകയായിരുന്ന എം.പി.കെ വഴിമാറാൻ ശ്രമിച്ചെങ്കിലും പിറകിലുണ്ടായിരുന്ന സി.കെ.ബിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് യാത്രക്കാർക്ക് പരിക്ക് പറ്റി. ടോറസ് വാഹനം റോഡിനു കുറുകെ കിടന്നതിനാൽ ഒന്നര മണിക്കൂർ നേരം വാഹന ഗതാഗതം സ്തംഭിച്ചു. പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.