നിബന്ധനകൾ പാലിച്ചില്ല; എട്ട് ആരോഗ്യസ്ഥാപനങ്ങൾക്ക് 80,000 രൂപ പിഴ
text_fieldsപ്രതീകാത്മക ചിത്രം
പുലാമന്തോൾ: 2018ലെ കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് (രജിസ്ട്രേഷൻ ആൻഡ് റെഗുലേഷൻ) ആക്ട് പ്രകാരമുള്ള നടപടിയുടെ ഭാഗമായി ജില്ലയിൽ എട്ട് ആരോഗ്യസ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി ജില്ല മെഡിക്കൽ ഓഫിസ് (ആരോഗ്യം) അറിയിച്ചു. ആകെ 80,000 രൂപയാണ് പിഴയിനത്തിൽ ഈടാക്കിയത്. 2019ൽ നടപ്പാക്കി തുടങ്ങിയ നിയമത്തിൽ വീഴ്ച വരുത്തിയതിന് വിവിധ വർഷങ്ങളിലാണ് നടപടി.
എടവണ്ണ, വേങ്ങര, രാമപുരം, മക്കരപ്പറമ്പ് എന്നിവിടങ്ങളിലെ സ്ഥാപനങ്ങൾക്കാണ് പിഴയിട്ടത്. ഓരോ സ്ഥാപനത്തിനും 10,000 രൂപ വീതമാണ് പിഴ. അതേസമയം, ഇതുവരെ ഈ നിയമപ്രകാരം ഒരു സ്ഥാപനവും അടച്ചുപൂട്ടിയിട്ടില്ലെന്ന് ഡി.എം.ഒ ഓഫിസ് വ്യക്തമാക്കി. ഈ നിയമം ആശുപത്രി, ക്ലിനിക്, ലാബ്, ഡയഗ്നോസ്റ്റിക് സെന്റർ, ഡെന്റൽ സ്ഥാപനം, വിവിധ ആയുഷ് സ്ഥാപനങ്ങൾ എന്നിവക്കാണ് ബാധകം.
രജിസ്ട്രേഷൻ നിർബന്ധം, കാറ്റഗറി അനുസരിച്ചുള്ള മിനിമം നിലവാരം, യോഗ്യതയുള്ള ജീവനക്കാർ, സുരക്ഷയും അണുബാധ നിയന്ത്രണവും, നിരക്കുകൾ പരസ്യപ്പെടുത്തണം, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പ്രദർശിപ്പിക്കണം, രേഖകളും വിവരങ്ങളും സൂക്ഷിക്കണം, സർക്കാർ/കൗൺസിൽ നിർദേശങ്ങൾ പാലിക്കണം, സ്ഥാപനത്തിന്റെ വിവരങ്ങൾ രജിസ്റ്ററിൽ ഉൾപ്പെടുത്തണം എന്നിവയാണ് പ്രധാന നിബന്ധനകൾ. ഇതിൽ പലതിലും വീഴ്ചവരുത്തിയതിനാണ് പിഴ. വിവരാവകാശനിയമപ്രകാരം രാജു വാഴക്കാല നൽകിയ അപേക്ഷക്ക് ജില്ല മെഡിക്കൽ ഓഫിസർ നൽകിയ മറുപടിയിലാണ് വിവരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

