വിപണിയിൽ പരിശോധന കർശനമാക്കി പൊതുവിതരണ വകുപ്പ്
text_fieldsജില്ല സപ്ലൈ ഓഫിസർ എൽ. മിനിയുടെ നേതൃത്വത്തിൽ മേലാറ്റൂരിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നു
മേലാറ്റൂർ: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിനായി പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിൽ മേലാറ്റൂർ ടൗണിലെ വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന നടത്തി. ജില്ലയിലുടനീളം പരിശോധന കർശനമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. പലചരക്ക്, പച്ചക്കറി, ബേക്കറി, മത്സ്യ-മാംസ വ്യാപാര കേന്ദ്രങ്ങളിലായി ജില്ല സപ്ലൈ ഓഫിസർ എൽ. മിനിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 15 കടകളിൽ ക്രമക്കേട് കണ്ടെത്തി. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതിരിക്കുക, ഉപഭോക്താക്കൾക്ക് വ്യക്തമായി കാണത്തക്ക രീതിയിൽ ത്രാസ് പ്രദർശിപ്പിക്കാതിരിക്കുക, ഒരേ സ്ഥലത്ത് തന്നെ ഒരേ സാധനങ്ങൾക്ക് വ്യത്യസ്ത വില ഈടാക്കുക, അമിതവില, ആവശ്യമായ ലൈസൻസുകൾ പ്രദർശിപ്പിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളിൽ ജില്ല സപ്ലൈ ഓഫിസർ കർശന മുന്നറിയിപ്പ് നൽകി. ക്രമക്കേടുകളിൽ തുടർനടപടികൾക്കായി ജില്ല കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു. പെരിന്തൽമണ്ണ താലൂക്ക് സപ്ലൈ ഓഫിസർ പി. അബ്ദുറഹിമാൻ, റേഷനിങ് ഇൻസ്പെക്ടർമാരായ എ. സുൽഫിക്കർ, ടി.എ. രജീഷ് കുമാർ, അബ്ദുൽ നാസർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

