സ്കൂള് ബസ് സർവിസ് നിര്ത്തിയതിൽ പ്രതിഷേധം
text_fieldsമുതുവല്ലൂര്: മുന്നറിയിപ്പില്ലാതെ സ്കൂള് ബസ് സർവിസ് നിര്ത്തിയത് മുതുപറമ്പ് പി.എം.എസ്.എ.എല്.പി സ്കൂളിലെ വിദ്യാര്ഥികളെ ദുരിതത്തിലാക്കുന്നു. സ്കൂള് മാനേജ്മെന്റാണ് മുന്നറിയിപ്പില്ലാതെ സ്കൂള് ബസ് സർവിസ് നിര്ത്തിയത്. ഇതോടെ സാധാരണക്കാരായ കുട്ടികള്ക്ക് വിദ്യാലയത്തിലെത്താനും തിരിച്ചുപോകാനും സംവിധാനമില്ലാതായി.
1982ല് സ്ഥാപിതമായ വിദ്യാലയത്തില് പ്രീ പ്രൈമറി മുതല് നാലാംതരം വരെയായി 128 വിദ്യാര്ഥികളാണ് പഠിക്കുന്നത്. മുതുപറമ്പിന്റെ സമീപപ്രദേശങ്ങളായ മുണ്ടക്കുളം, മലയില് മുക്ക്, ആനമയിത്തടം, മൂച്ചിക്കല്, വെട്ടുകാട്, കൊല്ലച്ചോല, കിഴക്കുപുറം, എരുമത്തടം, പോത്തുവെട്ടിപ്പാറ എന്നീ പ്രദേശങ്ങളില് നിന്നുള്ള കുട്ടികള്ക്ക് വിദ്യാലയത്തിലെത്താനുള്ള ഏക ആശ്രയമായ സ്കൂൾ ബസ് നവംബര് 26ന് മാനേജ്മെന്റ് നിര്ത്തുകയായിരുന്നു.
സ്കൂള് ബസ് ഇല്ലാതായതോടെ ഓട്ടോറിക്ഷകളെയാണ് കുട്ടികള് ആശ്രയിക്കുന്നത്. ഇതിനായി വലിയ തുക നല്കാന് കഴിയാത്ത അവസ്ഥയിലാണ് സാധാരണക്കാരായ ഭൂരിഭാഗം രക്ഷിതാക്കളും. നാലു വര്ഷമായി വിദ്യാലയത്തില് മാനേജ്മെന്റ് ഏര്പ്പെടുത്തിയ വാഹന സൗകര്യം കഴിഞ്ഞ ഒക്ടോബര് 16നും നിര്ത്തിയിരുന്നു. തുടര്ന്ന് പി.ടി.എ കമ്മിറ്റിയും നാട്ടുകാരും മാനേജ്മെന്റുമായി നടത്തിയ ചര്ച്ചയില് ബസ് സർവിസ് പുനഃസ്ഥാപിച്ചിരുന്നെങ്കിലും ഇപ്പോള് വീണ്ടും ബസ് വിട്ടുതരില്ലെന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ് മാനേജ്മെന്റ്. എന്നാല്, മാനേജ്മെന്റ് ഇക്കാര്യത്തില് പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

