രാഹുൽ ഗാന്ധിക്കൊപ്പം നാട്; പ്രതിഷേധത്തീ...
text_fieldsരാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് നടത്തിയ നൈറ്റ് മാർച്ച്
മലപ്പുറം: രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് ജില്ല കോൺഗ്രസ് കമ്മിറ്റി മലപ്പുറത്ത് തീപന്തവുമായി നൈറ്റ് മാർച്ച് നടത്തി. രാത്രി ഡി.സി.ഡി ഓഫിസിന് മുന്നിൽനിന്ന് ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു. എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
രാജ്യത്തിനായി പോരാട്ടം നടത്തുന്ന രാഹുൽ ഗാന്ധിക്കൊപ്പം എന്തു വിലകൊടുത്തും ഇന്ത്യൻ ജനത നിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം നിലനിർത്താനുള്ള പോരാട്ടമാണ് രാഹുൽ ഗാന്ധി നടത്തുന്നത്. രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന ബി.ജെ.പിക്കെതിരായ സന്ദേശമാണ് അദ്ദേഹം ഭാരത് ജോഡോ യാത്രയിലൂടെ നടത്തിയതെന്നും കോൺഗ്രസ് അധികാരത്തിലെത്തുന്നതല്ല, മറിച്ച് കോൺഗ്രസ് ഈ രാജ്യത്തിന് നൽകിയ മതേതരത്വവും ജനാധിപത്യവും കാത്തുസൂക്ഷിക്കാനാണ് അദ്ദേഹം പോരാട്ടം നടത്തുന്നതെന്നും അനിൽ കുമാർ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.എസ്. ജോയ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, ഇ. മുഹമ്മദ് കുഞ്ഞി, വി.എ. കരീം, വി. ബാബുരാജ്, റഷീദ് പറമ്പൻ, അജീഷ് എടാലത്ത്, പി.സി. വേലായുധൻകുട്ടി, അസീസ് ചീരാൻതൊടി, യാസർ പൊട്ടച്ചോല, ശശീന്ദ്രൻ മങ്കട, പി.പി. ഹംസ എന്നിവർ സംസാരിച്ചു.
നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി
പാണ്ടിക്കാട്: സംസ്ഥാന പാത ഉപരോധിച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചും ജനാധിപത്യ പ്രക്രിയ അടിച്ചമർത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചും പാണ്ടിക്കാട് ടൗണിലാണ് കഴിഞ്ഞദിവസം പ്രതിഷേധം നടന്നത്. കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തുകയും പട്ടിക്കാട്-വടപുറം സംസ്ഥാനപാത ഉപരോധവും സംഘടിപ്പിച്ചു.
യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി സഫീർജാൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. ഫൈസൽ, കെ.എസ്.യു മണ്ഡലം പ്രസിഡന്റ് മുഹമ്മദ് സഫ്വാൻ എന്നിവരെയാണ് പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കിയത്. പ്രതിഷേധത്തിന് ഐ.എൻ.ടി.യു.സി ജില്ല വൈസ് പ്രസിഡന്റ് കുഞ്ഞാണി, നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആസാദ്, മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിമരായ കെ.കെ. സദഖത്ത്, സക്കീർ കരായ, റൗഫ് കൊപ്പത്ത് എന്നിവർ നേതൃത്വം നൽകി.
അടിയന്തര പ്രമേയവുമായി കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത്
കൊണ്ടോട്ടി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് അടിയന്തര പ്രമേയവുമായി കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി. പ്രധാനമന്ത്രിയെ രാഷ്ട്രീയമായി വിമര്‍ശിച്ചതിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം തിടുക്കപ്പെട്ടു അയോഗ്യമാക്കിയ നടപടി ജനാധിപത്യ വിരുദ്ധമാണെന്നും ജനാധിപത്യത്തിന്റെ അന്തസ്സത്തയായ അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കുന്ന നിലപാടാണ് ഇതെന്നും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. അബ്ദുറഹിമാന് അവതരിപ്പിച്ച പ്രമേയത്തില്‍ പറഞ്ഞു.
പ്രസിഡന്റ് വി.പി. ഷെജിനി ഉണ്ണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭരണസമിതി യോഗം ഐകകണ്ഠ്യേന പ്രമേയം പാസാക്കി. ഭരണസമിതി അംഗങ്ങളായ പി. അബൂബക്കര്‍, ചന്ദ്രിക ചാലാരി എന്നിവര്‍ സംസാരിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ വി.പി. അബ്ദുഷുക്കൂര്‍, മുഹ്സില ഷഹീദ്, കെ.ടി. റസീന ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറി വിനോദ് പട്ടാളത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

