കോഴിമാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ സമരം; മലിനീകരണ നിയന്ത്രണ ബോർഡ് ജീവനക്കാരെ ആദിവാസികൾ തടഞ്ഞുവെച്ചു
text_fieldsമമ്പാട് ഓടയിക്കൽ പാലക്കടവിലെ കോഴിമാലിന്യ സംസ്കരണ പ്ലാന്റ് മാറ്റണമെന്നാവശ്യപ്പെട്ട് ആദിവാസി ക്ഷേമ സമിതി പ്രവർത്തകർ മലപ്പുറം മലിനീകരണ നിയന്ത്രണ ബോർഡ് ഓഫിസിന് മുന്നിൽ നടത്തിയ കുത്തിയിരിപ്പു സമരംഓഫിസിന് മുന്നിൽ നടത്തിയ കുത്തിയിരിപ്പു സമരം
മലപ്പുറം: കോഴിമാലിന്യസംസ്കരണ കേന്ദ്രം ജനവാസ മേഖലയിൽനിന്ന് മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ആദിവാസി കുടുംബങ്ങൾ ജില്ല മലിനീകരണ നിയന്ത്രണ ബോർഡ് ഓഫിസ് ഉപരോധിച്ചതിനെതുടർന്ന് നാടകീയ രംഗങ്ങൾ. ജീവനക്കാരെ പുറത്തുവിടാതിരുന്നതിനെ തുടർന്ന് ജില്ല കലക്ടർ വി.ആർ. വിനോദ് സ്ഥലത്തെത്തി സമരക്കാരുമായി സംസാരിച്ചു. ഇതേതുടർന്നാണ് ആദിവാസികൾ ഉപരോധം അവസാനിപ്പിച്ചത്. മമ്പാട് ഓടായിക്കൽ പാലക്കടവിലെ കോഴിമാലിന്യ സംസ്കരണ കേന്ദ്രം മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു പ്രദേശവാസികളായ ആദിവാസി കുടുംബങ്ങളുടെ സമരം.
ജനജീവിതം ദുസ്സഹമാക്കിയ മാലിന്യ സംസ്കരണ കേന്ദ്രത്തിന് മലിനീകരണ നിയന്ത്രണ ബോർഡ് പ്രവർത്തന അനുമതി നൽകിയതിൽ പ്രതിഷേധിച്ചായിരുന്നു ആദിവാസി ക്ഷേമ സമിതി (എ.കെ.എസ്) നേതൃത്വത്തിൽ ഉപരോധം. ഉച്ചയോടെ പ്രകടനമായെത്തിയ സ്ത്രീകളും കുട്ടികളുമടക്കം നൂറോളം പേർ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫിസിന് മുന്നിൽ കുത്തിയിരുന്ന് സമരം ആരംഭിച്ചു. ഇതിനിടെ കലക്ടറേറ്റിലെത്തി ജില്ല കലക്ടറുമായി സമര സമിതി നേതാക്കൾ സംസാരിച്ചു. എന്നാൽ, മാലിന്യസംസ്കരണ കേന്ദ്രം മാറ്റണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല. തുടർന്ന് സമരക്കാർ ഉച്ചക്ക് ശേഷവും ഉപരോധം തുടർന്നു.
ഓഫിസ് സമയം കഴിഞ്ഞിട്ടും ജീവനക്കാരെ പുറത്തുവിടാൻ തയാറായില്ല. പൊലീസ് അനുനയിപ്പിക്കാൻ നോക്കിയെങ്കിലും സമരക്കാർ വഴങ്ങിയില്ല. തുടർന്നാണ് ജില്ല കലക്ടർ വി.ആർ. വിനോദ് സ്ഥലത്തെത്തി സമരക്കാരുമായി സംസാരിച്ചത്. പ്രദേശവാസികൾ വിളിച്ചാൽ സ്ഥലം സന്ദർശിക്കാമെന്നും പ്രശ്നപരിഹാരത്തിന് നടപടി സ്വീകരിക്കാമെന്നുമുള്ള ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. ഉപരോധം എ.കെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.ആർ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. എം.ടി. കുമാരദാസ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് ദിനുമോൻ, എം.എസ്. ബാബു, തങ്കമണി, രാജ്കുമാർ, ടി. ഷിബു, കെ. സുരേഷ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

