മഞ്ചേരി ആകാശവാണിയെ സംരക്ഷിക്കണം; നടപടി ആവശ്യപ്പെട്ട് ശ്രോതാക്കൾ രംഗത്ത്
text_fieldsമലപ്പുറം: ആകാശവാണി മഞ്ചേരി എഫ്.എം നിലയത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ശ്രോതാക്കൾ രംഗത്ത്. ഉദ്യോഗസ്ഥരുടെ കുറവ് കാരണം പരിപാടികള്‍ തയാറാക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്. 2018 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ആറ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്ന നിലയത്തില്‍ ഇപ്പോള്‍ രണ്ടുപേർ മാത്രമാണുള്ളത്.
അടുത്തവര്‍ഷം ഒരാള്‍ കൂടി വിരമിക്കുന്നതോടെ ഒരു പ്രോഗ്രാം ഉദ്യോഗസ്ഥന് മാത്രമേ ഉണ്ടാകൂ. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ആകാശവാണി നിലയങ്ങളില്‍ നിയമനം നടക്കുന്നില്ല. രാവിലെ 5.50 മുതല്‍ പ്രക്ഷേപണം ആരംഭിക്കുന്ന നിലയത്തില്‍ രാത്രി 11.05 വരെ പരിപാടികളുണ്ട്.
എന്നാല്‍, ആളുകള്‍ കുറഞ്ഞതോടെ പല പരിപാടികളും പുനഃപ്രക്ഷേപണങ്ങളാണ്. ആവശ്യങ്ങളുന്നയിച്ച് കേരള റേഡിയോ ലിസണേഴ്സ് അസോസിയേഷന് ജില്ല കമ്മിറ്റി ചൊവ്വാഴ്ച ജില്ല കലക്ടറേറ്റിന് മുന്നിൽ ധർണ നടത്തും. യു.എ. ലത്തീഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മുന്‍ എം.എല്‍.എ കെ.എന്‍.എ. ഖാദര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ല പ്രസിഡന്റ് കുഞ്ഞാണി തെഞ്ചേരി അധ്യക്ഷത വഹിക്കും.

