ഗതാഗതക്കുരുക്കിന് പരിഹാര നിർദേശം; മങ്കട ടൗണിൽ ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിക്കും
text_fieldsമങ്കട: അങ്ങാടിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനായി നിലവിലുള്ള മേലെ അങ്ങാടിയിലെ ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിക്കാൻ തീരുമാനം. ട്രാഫിക് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മങ്കട ഗ്രാമപഞ്ചായത്ത് വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൽ കരീം യോഗം ഉദ്ഘാടനം ചെയ്തു. മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അസ്കർ അലി അധ്യക്ഷത വഹിച്ചു.
നിലവിൽ മേലെ അങ്ങാടിയിൽ മഞ്ചേരി ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് 100 മീറ്റർ കൂടി മാറ്റി സ്ഥാപിക്കും. പെരിന്തൽമണ്ണ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് സൈനാസ് ബിൽഡിങ്ങിന് സമീപത്തേക്ക് മാറ്റും. ഈ ഭാഗത്ത് ബസ് കാത്തിരിപ്പ് കേന്ദ്രമോ ബസ് സ്റ്റോപ്പിനെ സൂചിപ്പിക്കുന്ന ബോർഡുകളോ സ്ഥാപിക്കും. കൂട്ടിൽ റോഡിലെയും വടക്കാങ്ങാര റോഡിലെയും ഓട്ടോ പാർക്കുകൾ മാറ്റുന്നതിനെ കുറിച്ചും ചർച്ച ചെയ്തു. വിഷയം വിശദമായി പഠിക്കാൻ കമ്മിറ്റി രൂപവത്കരിച്ചു.
ക്രമേണ ബൈപ്പാസുകൾ നിർമിക്കുക, വൺവേ സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ വിഷയങ്ങൾ കൂടി പരിഗണിക്കും. മങ്കട എസ്.ഐ ശരീഫ് തോടേങ്ങൽ ട്രാഫിക് നിയമങ്ങളെക്കുറിച്ച് വിശദീകരിച്ചു. വാർഡ് അംഗങ്ങളായ അബ്ബാസ് പൊട്ടേങ്ങൽ, മുസ്തഫ കളത്തിൽ, പി.ടി. ശറഫുദ്ദീൻ, വ്യാപാരി വ്യവസായി മങ്കട യൂനിറ്റ് പ്രസിഡന്റ് മുനീർ ബാബു, സെക്രട്ടറി സക്കീർ നോബ്ൾ, മാമ്പറ്റ ഉണ്ണി, സമദ് മങ്കട, സി. അരവിന്ദൻ, സമദ് പറച്ചിക്കോട്ടിൽ, പി. ഉമർ ഷെരീഫ്, മുഹമ്മദ് പറച്ചിക്കോട്ടിൽ, മുനീർ മങ്കട, സൈഫുല്ല കറുമൂക്കിൽ, അബ്ദു പറച്ചിക്കോട്ടിൽ, ജാഫർ, സമദ് ആലങ്ങാടൻ, പി. അബ്ദുൽ ജലാൽ, കൃഷ്ണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

