കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലെ ‘മട്ടുപ്പാവിൽ മുട്ടകൃഷി’ പദ്ധതി വിവാദത്തിൽ
text_fieldsപദ്ധതിയിൽ വിതരണം ചെയ്യാനുള്ള കോഴിക്കൂടുകൾ
കരുവാരകുണ്ട്: ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ നടപ്പാക്കിയ ‘മട്ടുപ്പാവിൽ മുട്ടകൃഷി’ പദ്ധതി വിവാദത്തിൽ. പദ്ധതിയുടെ ഗുണഭോക്താക്കളിൽ പകുതിയും ഗ്രാമപഞ്ചായത്ത് അംഗങ്ങളോ അവരുടെ ആശ്രിതരോ ആണെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ കീഴിലാണ് 20 ലക്ഷത്തോളം രൂപയുടെ പദ്ധതി നടപ്പാക്കിയത്.
പദ്ധതിയനുസരിച്ച് ഒരു വാർഡിൽ രണ്ടുപേർക്ക് കോഴിക്കൂട്, കോഴികൾ, കൂട് സ്ഥാപിക്കാനുള്ള തറ, കോഴിത്തീറ്റ എന്നിവ നിശ്ചിത കാലയളവിൽ നൽകും. ആദ്യം കൂടാണ് നൽകുക. 3300 രൂപ ഗുണഭോക്തൃ വിഹിതമായി നൽകണം. ഇത് പിന്നീട് തിരികെ ലഭിക്കുകയും ചെയ്യും. എന്നാൽ, പദ്ധതിയുടെ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കപ്പെട്ട 39 പേരിൽ ഏഴുപേരും അതത് വാർഡിലെ അംഗങ്ങളാണ്. ഏഴ് അംഗങ്ങൾ ആശ്രിതരുടെ പേരിലാണ് ഗുണഭോക്താക്കളായത്.
പ്രസിഡന്റുൾപ്പെടെ ആറ് സി.പി.എം അംഗങ്ങളും ഒരു കോൺഗ്രസ് അംഗവും ഒഴികെ മെറ്റല്ലാവരും ഗുണഭോക്താക്കളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. അതി സാധാരണക്കാരായ കുടുംബങ്ങൾക്ക് ജീവിതവഴി നൽകുക എന്നതും തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ ദിനങ്ങളുണ്ടാക്കുക എന്നതുമാണ് പദ്ധതിയുടെ ലക്ഷ്യം.
പക്ഷേ ഇത് രണ്ടും നിറവേറ്റപ്പെട്ടിട്ടില്ല എന്നാണ് ആരോപണമുയർന്നിരിക്കുന്നത്. ഗുണഭോക്താക്കളുടെ പട്ടികയിൽ എല്ലാ പാർട്ടികളിലെയും അംഗങ്ങളുള്ളതിനാൽ പദ്ധതിക്കെതിരെ ആരും പരസ്യമായി രംഗത്തുവന്നിട്ടില്ല. അതേസമയം പദ്ധതി നടപ്പാക്കിയതിൽ സി.പി.എമ്മിൽനിന്ന് എതിർപ്പുയർന്നിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

