Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതെരുവു വിളക്ക് പദ്ധതി...

തെരുവു വിളക്ക് പദ്ധതി ഇരുട്ടിൽ

text_fields
bookmark_border
തെരുവു വിളക്ക് പദ്ധതി ഇരുട്ടിൽ
cancel

മലപ്പുറം: എം.എൽ.എ ഫണ്ടിൽ നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി തെരുവ് വിളക്കുകൾ സ്ഥാപിക്കുന്ന പദ്ധതി നീളുന്നു. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ(എൻ.എച്ച്.എ.ഐ) നിരാക്ഷേപ സാക്ഷ്യപത്രം (എൻ.ഒ.സി) അനുവദിക്കുന്നതിന് കാലതാമസം നേരിടുന്നതാണ് പ്രശ്നത്തിന് കാരണം. എൻ.ഒ.സിക്ക് അപേക്ഷ നൽകി 10 മാസത്തോളമായിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് കാര്യമായ നീക്കമുണ്ടായിട്ടില്ല. മലപ്പുറം എം.എസ്.പി മുതൽ മച്ചിങ്ങൽ വരെ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതാണ് പദ്ധതി.

പി.ഉബൈദുല്ല എം.എൽ.എയുടെ ഫണ്ടിൽ 98.83 ലക്ഷം രൂപയാണ് പദ്ധതിക്ക് അനുവദിച്ചിട്ടുള്ളത്. 90 തെരുവ് വിളക്കുകളാണ് നഗരത്തിൽ സ്ഥാപിക്കുന്നത്. എം.എസ്.പിക്ക് സമീപത്ത് നിന്ന് തുടങ്ങി കുന്നുമ്മൽ, സിവിൽ സ്റ്റേഷൻ, നഗരസഭ ബസ് സ്റ്റാൻഡ്, കോട്ടപ്പടി, കിഴക്കേത്തല എന്ന റൂട്ടിലാണ് തെരുവുവിളക്കുകൾ സ്ഥാപിക്കുക. വീതിയുള്ള സ്ഥലങ്ങളിൽ റോഡിന് മധ്യത്തിലും വീതി കുറഞ്ഞ സ്ഥലങ്ങളിൽ റോഡിന്റെ വശങ്ങളിലുമാകും തെരുവ് വിളക്കുകൾ വെക്കുക.

പദ്ധതിക്ക് അനുമതി നൽകണമെന്ന് കാട്ടി എം.എൽ.എ 2024 ആഗസ്റ്റ് 12ന് ജില്ല കലക്ടർ വി.ആർ. വിനോദിന് കത്ത് നൽകിയിരുന്നു. കൂടാതെ ദേശീയപാതയിൽ സ്ഥാപിക്കുമ്പോൾ എൻ.എച്ച്.എ.ഐ എൻ.ഒ.സിയും ആവശ്യമാണ്. ഇത് പ്രകാരമാണ് എൻ.ഒ.സി നൽകണമെന്ന് കാണിച്ച് എൻ.എച്ച്.എ.ഐ പാലക്കാട് പ്രൊജക്ട് ഡിവിഷൻ അധികൃതർക്ക് 2024 ഡിസംബറോടെ അപേക്ഷ നൽകിയത്. എന്നാൽ ഓരോ സാങ്കേതിക സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി എൻ.ഒ.സി നൽകാനുള്ള തീരുമാനം അധികൃതർ നീട്ടി കൊണ്ടുപോകുകയാണ്.

എൻ.ഒ.സി ലഭിക്കുന്ന മുറക്ക് തുടർനടപടി സ്വീകരിക്കാനുള്ള ശ്രമത്തിലാണ് എം.എൽ.എ. അധികൃതർ എൻ.ഒ.സി നൽകാൻ നടപടി സ്വീകരിക്കണമെന്ന് പി.ഉബൈദുല്ല എം.എൽ.എ ആവശ്യപ്പെട്ടു. പദ്ധതി യാഥാർഥ്യമായാൽ രാത്രികാല യാത്രക്കാർക്ക് ഏറെ ഗുണകരമാകും.

നഗരസഭ ഇന്ന് കരാർ വെച്ചേക്കും

മലപ്പുറം: നഗരത്തിൽ തകരാറിലായ തെരുവ് വിളക്കുകൾ മാറ്റി സ്ഥാപിക്കുന്നതിനായി നഗരസഭ കരാറുകാരനുമായി തിങ്കളാഴ്ച കരാർ വെച്ചേക്കും. നഗരസഭാധ്യക്ഷൻ, പ്രതിപക്ഷ നേതാവ്, മുനിസിപ്പൽ എൻജിനീയർ എന്നിവരുമായി കരാറുകാരൻ നടത്തിയ ചർച്ചയിലാണ് തീരുമാനം.

കരാർ നടപടികൾ പൂർത്തിയാക്കിയാൽ അടുത്ത ദിവസം മുതൽ കേടുവന്ന തെരുവ് വിളക്കുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചേക്കും. നിലവിൽ കേടു വന്ന തെരുവ് വിളക്കുകൾ പുനസ്ഥാപിക്കാൻ 30 ലക്ഷം രൂപ നഗരസഭ വകയിരുത്തിയിട്ടുണ്ട്. എന്നാൽ സാങ്കേതിക തടസ്സങ്ങൾ കാരണം പ്രവൃത്തികൾ നീണ്ട് പോകുകയായിരുന്നു.

2024-25 വർഷത്തിൽ കേരള ഇലക്ട്രിക് ലിമിറ്റഡു(കെൽ) 35 ലക്ഷം രൂപ ചെലവിലാണ് പുതിയ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്ന പ്രവൃത്തിക്ക് കരാർ നൽകിയിരുന്നത്. കരാറുകാരന് ഈ പദ്ധതിയിൽ തുക അനുവദിക്കുന്നതിന് കാലതാമസം നേരിട്ടിരുന്നു. വിഷയം ചൂണ്ടിക്കാട്ടിയായിരുന്നു 30 ലക്ഷ‍ത്തിന്റെ പ്രവൃത്തിയിൽ കരാർ നീണ്ടത്. ഈ പ്രശ്നം പരിഹരിക്കാൻ അധികൃതർ നിശ്ചയിച്ചിട്ടുണ്ട്. നിലവിൽ നഗരസഭ സെക്രട്ടറി സ്ഥലം മാറി പോയതോടെ തസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്. പുതിയ സെക്രട്ടറി വന്ന് ചുമതല എടുക്കുന്നതോടെ കരാറുകാരന് നേരത്തെ നൽകാനുള്ള തുക കൈമാറാനാണ് അധികതരുടെ തീരുമാനം. നഗരസഭയിൽ ഇനി വിവിധ വാർഡുകളിലായി 2,800 ഓളം തെരുവ് വിളക്കുകളാണ് വാർഷിക അറ്റകുറ്റപണി കരാർ (എ.എം.സി) നൽകാനുള്ളത്. 30 ലക്ഷം രൂപയിൽ മിനി ഹൈമാസ്റ്റ് വിളക്കുകൾക്ക് 15 ലക്ഷവും മറ്റ് വിളക്കുകൾക്ക് 15 ലക്ഷവും വീതവുമാണ് അനുവദിച്ചിരിക്കുന്നത്.

വാർഡുകളിൽ തെരുവ് വിളക്കുകൾ കണ്ണടച്ചതോടെ രാത്രികാലങ്ങളിൽ വാർഡുകൾ ഇരുട്ടിലാണ്. മഴക്കാലം കൂടി വന്നതോടെ വാർഡുതലങ്ങളിൽ രാത്രി യാത്ര ഏറെ ദുഷ്കരമായിരിക്കുകയാണ്. ചെറിയ ഇടവഴികളാണ് യാത്ര കൂടുതൽ പ്രയാസം സൃഷ്ടിക്കുന്നത്. ഇടവഴികൾ ഇരുട്ട് നിറഞ്ഞതോടെ തെരുവ് നായകളുടെ വിഹാര കേന്ദ്രവുമായി മാറിയിട്ടുണ്ട്. പുലർച്ചെ നടക്കാനിറങ്ങുന്നവരും മദ്രസയിലേക്ക് പോകുന്ന വിദ്യാർഥികളും പ്രശ്നത്തിൽ ദുരിതം നേരിടുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsStreet lightMalappuram NewsLatest News
News Summary - programme for street light still have no progress
Next Story