തുഞ്ചൻപറമ്പ് കേന്ദ്രീകരിച്ച് മലയാള പാഠപുസ്തകങ്ങളുടെ നിർമാണം തുടങ്ങി
text_fieldsതിരൂർ: തിരൂർ തുഞ്ചൻപറമ്പ് കേന്ദ്രീകരിച്ച് മലയാള പാഠപുസ്തകങ്ങളുടെ നിർമാണം ആരംഭിച്ചു. അടുത്ത അധ്യയന വർഷം പുറത്തിറക്കുന്ന ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ മലയാളം പാഠപുസ്തകങ്ങളുടെ നിർമാണ ശിൽപശാലയാണ് തുടങ്ങിയത്. ഇതിനായി വിവിധ ഘട്ടങ്ങളായി ജനകീയ ചർച്ചകൾ, വിദ്യാർഥികളുടെ അഭിപ്രായ രൂപവത്കരണം എന്നിവ സംഘടിപ്പിച്ചിരുന്നു.
തുഞ്ചൻ സ്മാരക ട്രസ്റ്റിനു കീഴിലെ റിസർച്ച് സെന്റർ, മലയാള സർവകലാശാലയിലെയും ഗവ. തുഞ്ചൻ കോളജിലെയും ലൈബ്രറികൾ എന്നിവയുടെ സഹകരണത്തോടെയാണ് നിർമാണത്തിന്റെ ആദ്യഘട്ടം ആരംഭിച്ചത്.
പഠന ലക്ഷ്യങ്ങൾ, ഭാഷാ വസ്തുതകൾ, വ്യവഹാര രൂപങ്ങൾ എന്നിവ ഉൾപ്പെടുത്തി തീമുകളുടെ അടിസ്ഥാനത്തിലാണ് മലയാളം പാഠപുസ്തകങ്ങളുടെ രൂപഘടന തയാറാക്കുന്നത്.
മാധ്യമങ്ങൾ ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ചെയർപഴ്സൻമാർ, വിദ്യാഭ്യാസ വിദഗ്ധർ, പാഠപുസ്തക രചയിതാക്കൾ എന്നിവരടങ്ങുന്ന 44 അംഗ സംഘമാണ് ഇതിനായി തുഞ്ചൻപറമ്പിൽ എത്തിയത്.
എസ്.സി.ഇ.ആർ.ടി മലയാളം റിസർച്ച് ഓഫിസർ ഡി.പി. അജിയുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. സമയബന്ധിതമായി പുസ്തക നിർമാണം പൂർത്തിയാക്കുമെന്നും അടുത്ത അധ്യയന വർഷം കുട്ടികൾക്ക് പാഠപുസ്തകങ്ങൾ നൽകുമെന്നും എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ആർ.കെ. ജയപ്രകാശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

