ഓടിത്തളരുന്നു, കരകയറാനാവാതെ ബസുകൾ
text_fieldsrepresentative image
കോവിഡ് കാലത്തിന് മുേമ്പ പ്രതിസന്ധിയിലായ മേഖലയാണ് പൊതുഗതാഗതം. കോവിഡും ലോക്ഡൗണും കൂടി വന്നതോടെ കനത്ത പ്രതിസന്ധിയിലൂടെയാണ് നിരവധിപേർ ആശ്രയിക്കുന്ന മേഖല കടന്നുപോകുന്നത്. ഘട്ടംഘട്ടമായി പൊതുഗതാഗത സംവിധാനം പുനരാരംഭിച്ചെങ്കിലും പ്രതിസന്ധി അടുത്തൊന്നും മറികടക്കാനാകില്ലെന്നാണ് കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് ജീവനക്കാർ ഒരേ സ്വരത്തിൽ പറയുന്നത്.
ഓടിത്തളർന്ന് സ്വകാര്യമേഖല
മലപ്പുറം: ജില്ലയിൽ 1200ഒാളം ബസുകളാണ് കോവിഡിനുമുമ്പ് സർവിസ് നടത്തിയിരുന്നത്. ഇതിൽ നല്ലൊരു ശതമാനം ബസുകളും സർവിസ് അവസാനിപ്പിച്ചു. നിലവിൽ എഴുനൂറോളം എണ്ണമാണ് നിരത്തിലിറങ്ങിയിരിക്കുന്നത്. സംസ്ഥാനസർക്കാറിൽനിന്ന് കാര്യമായ സഹായം ലഭിച്ചില്ലെങ്കിൽ ഇൗ മേഖല കൂടുതൽ കാലം നിലനിൽക്കില്ലെന്നാണ് ഉടമകൾ വ്യക്തമാക്കുന്നത്. നേരത്തെ 12,000-13,000 പ്രതിദിനം കലക്ഷനുണ്ടായിരുന്നത് ശരാശരി 7000 ത്തിലേക്ക് താഴ്ന്നു. ഇതിനിടയിലാണ് അടിക്കടിയുള്ള ഡീസൽ വർധന. ഇതിനോടൊപ്പം ബസിന് അറ്റകുറ്റപ്പണികൾ കൂടി വരുേമ്പാൾ താങ്ങാനാകാത്ത സാഹചര്യമാണെന്ന് ഉടമകൾ പറയുന്നു.
പ്രതിസന്ധിയിലായതോടെ നിരവധി പേർക്ക് തൊഴിലും നഷ്ടമായി. മറ്റ് മേഖലകളെ ആശ്രയിക്കാൻ നിർബന്ധിതരായിരിക്കുകയാണ് ഇവർ. നേരത്തെ, നാലുപേരാണ് ഒരു ബസിൽ ജോലി ചെയ്തിരുന്നത്. ചില ബസുകളിൽ കോവിഡിന് മുമ്പുതന്നെ ജീവനക്കാരെ കുറച്ചിരുന്നു. ഇപ്പോൾ എല്ലാ ബസുകളിലും രണ്ടുപേർ മാത്രമാണ് ജീവനക്കാരായി ഉള്ളത്.
ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ജില്ലക്കുള്ളിൽ സർവിസ് നടത്തുന്ന ബസുകളിലുള്ളത്. ഇവർക്ക് കലക്ഷൻ ബത്തയുടെ അടിസ്ഥാനത്തിലായിരുന്നു വരുമാനം. നേരത്തെ, ആയിരത്തിന് മുകളിൽ വാങ്ങിയവർക്ക് 700-800ലേക്ക് ചുരുങ്ങി. ലോക്ഡൗൺ ഇളവുകൾക്കുശേഷം സർവിസ് ആരംഭിച്ചപ്പോൾ ആദ്യഘട്ടത്തിൽ കയറാൻ യാത്രക്കാർ മടികാണിച്ചിരുന്നു.
കൂടുതൽപേർ ബസുകളിൽ കയറാൻ തുടങ്ങിയെങ്കിലും പഴയരീതിയിലേക്ക് തിരിച്ചെത്തിയിട്ടില്ല. ഇതിന് പ്രധാന കാരണമായി ഉന്നയിക്കുന്നത് ലോക്ഡൗണിനെ തുടർന്ന് നല്ലൊരുവിഭാഗം ആളുകളും സ്വന്തം വാഹനത്തിലേക്ക് യാത്ര മാറ്റി എന്നതാണ്. യാത്രക്കാർ കുറഞ്ഞതോടെ രാത്രികാല സർവിസുകളും വെട്ടിക്കുറച്ചിരിക്കുകയാണ്. കൂടുതൽ ഇളവുകൾ സർക്കാറിൽനിന്ന് ലഭിച്ചാൽ മേഖലക്ക് പിടിച്ചുനിൽക്കാനാകുമെന്നാണ് ഉടമകൾ പറയുന്നത്. ഡിസംബർ 31വരെയുള്ള പാദത്തിലെ നികുതി അടക്കുന്നതിനുള്ള സമയം ജനുവരി 31വരെ നീട്ടിനൽകിയിട്ടുണ്ട്. 50 ശതമാനം ഇളവും നൽകിയിട്ടുണ്ട്. മാർച്ച് വരെയുള്ള കാലയളവിൽ നികുതി ഇളവ് നൽകണമെന്നാണ് ആവശ്യം.
കെ.എസ്.ആർ.ടി.സി പ്രതിസന്ധിക്ക് ആഴമേറെ
കോവിഡ് പ്രതിസന്ധിയിൽ സർക്കാർ ബസ് സർവിസിെൻറ കാര്യവും പരിതാപകരമാണ്. ജില്ലയിലെ നാല് കെ.എസ്.ആർ.ടി.സി ഡിപ്പോ/സബ് ഡിപ്പോകളും പത്തിലധികം വീതം സർവിസുകൾ കുറച്ചാണ് അയക്കുന്നത്. പക്ഷേ, യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് തുടരുന്നു. വരുമാന ലക്ഷ്യത്തിനരികെപ്പോലും എത്താനാവാതെയാണ് ഓരോ ദിവസവും സർവിസ് അവസാനിപ്പിക്കുന്നത്. തമിഴ്നാട്ടിലേക്കുള്ള അന്തർസംസ്ഥാന വണ്ടികൾ അയക്കുന്നില്ല.
പൊന്നാനിയിൽനിന്നുള്ള ബംഗളൂരു, മൈസൂരു സർവിസുകൾ നിലച്ചിട്ട് മാസങ്ങളായി. മലപ്പുറത്തുനിന്ന് ഓപറേറ്റ് ചെയ്യുന്ന പാലക്കാട്-കോഴിക്കോട് സർവിസുകളിലാണ് ജില്ലയിൽ അൽപമെങ്കിലും ആളനക്കമുള്ളത്. എന്നാൽ, തമിഴ്നാട്-കേരളം സർവിസ് പുനരാരംഭിക്കാത്തത് പാലക്കാട്-കോഴിക്കോട് സർവിസുകളെയും ഏറെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.
രാത്രികാലങ്ങളിൽ ഈ റൂട്ടിൽ വണ്ടികൾ അയക്കുന്നുണ്ടെങ്കിലും മിക്കപ്പോഴും കാലിയാണ്. മലപ്പുറത്തുനിന്ന് 14 പാലക്കാട്-കോഴിക്കോട് സർവിസുകൾ ഉണ്ടായിരുന്നത് 11 ആയി ചുരുങ്ങി. തിരൂർ-മഞ്ചേരി സർവിസും വെട്ടിക്കുറച്ചിട്ടുണ്ട്. ഊട്ടി സർവിസും ഇപ്പോഴില്ല. നിലമ്പൂർ സബ് ഡിപ്പോ കോവിഡിന് മുമ്പ് 40 സർവിസ് അയച്ചിരുന്നത് 28 ആയി കുറഞ്ഞു. പൊന്നാനി 34ൽനിന്ന് 16ലേക്കും മലപ്പുറം 44ൽനിന്ന് 27ലേക്കും പെരിന്തൽമണ്ണ 42ൽനിന്ന് 28ലേക്കും താഴ്ന്നു. ഡ്രൈവർമാരുടെ ക്ഷാമവും ആവശ്യത്തിന് ബസുകൾ ഇല്ലാത്തതും സർവിസ് കുറക്കാനുള്ള കാരണമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

