സ്വകാര്യവ്യക്തിയുടെ പാലവും റോഡും; ഏറ്റെടുക്കൽ പൂർത്തിയായില്ല
text_fieldsകാളികാവ്: ചോക്കാട് പന്നിക്കോട്ടുമുണ്ടയിൽ സ്വകാര്യവ്യക്തി 80 ലക്ഷം രൂപ ചെലവിൽ നിർമിച്ച പാലവും അരകിലോമീറ്റർ റോഡിന്റെയും ഏറ്റെടുപ്പ് പൂർത്തിയായില്ല. സ്വകാര്യ തോട്ടം ഉടമ സ്വന്തം തോട്ടത്തിലേക്ക് 50 ലക്ഷം രൂപ ചെലവഴിച്ചാണ് ചോക്കാടൻ പുഴക്കുകുറുകെ പാലം നിർമിച്ചത്. പഞ്ചായത്തിന്റേയോ റവന്യൂ വകുപ്പിന്റേയോ അനുമതിയില്ലാതെയാണ് പാലം നിർമിച്ചത്. ഈ പാലവും റോഡും പൊളിച്ചുമാറ്റുകയോ പഞ്ചായത്ത് ഏറ്റെടുക്കുകയൊ ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത് വന്നിരുന്നു.
ഒട്ടേറെ ചർച്ചകൾക്കും നിയമനടപടികൾക്കുമൊടുവിൽ തോട്ടം ഉടമ പാലവും റോഡും പഞ്ചായത്തിന് വിട്ടുകൊടുക്കാൻ തയാറായി. സ്ഥലം കൈമാറ്റം നടന്ന് ആറുമാസമായിട്ടും ഏറ്റെടുക്കൽ നടപടി പൂർത്തിയായില്ല. ഇതുകാരണം യാതൊരു വികസന പ്രവർത്തനവും റോഡിൽ നടത്താനും കഴിഞ്ഞില്ല. റോഡും പാലവും ഏറ്റെടുക്കാൻ ജില്ല കലക്ടർ പഞ്ചായത്തിനോട് നിർദേശിച്ചതനുസരിച്ചാണ് നടപടി.
എന്നാൽ വസ്തു ഏറ്റെടുത്ത് പഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ ചേർക്കാൻ ഇതു വരെയും സാധിച്ചിട്ടില്ല. റോഡും പാലവും പൂർത്തിയായതോടെ മമ്പാട്ടുമൂല പ്രദേശത്തുകാർക്ക് ഏറെ സൗകര്യമാവുകയും ചെയ്തു. പഴയ നടപ്പാലം തകർന്നത് പുനഃസ്ഥാപിക്കാൻ എന്നപേരിൽ പഞ്ചായത്തിൽനിന്ന് അനുമതി വാങ്ങി സ്വകാര്യ തോട്ടം ഉടമ വലിയ കോൺക്രീറ്റ് പാലമാണ് നിർമിച്ചത്. ഇതാണ് വിവാദത്തിനിടയാക്കിയത്.
ഹൈകോടതി നിർദേശപ്രകാരം കലക്ടറുടെ അധ്യക്ഷതയിൽ പരാതിക്കാരും പഞ്ചായത്ത് പ്രതിനിധികളും തോട്ടം ഉടമയും പങ്കെടുത്ത ചർച്ചയിലാണ് പാലവും റോഡും പഞ്ചായത്തിന് വിട്ടുനൽകാൻ തോട്ടം ഉടമ തീരുമാനിച്ചത്. നിലവിലുള്ള പാലവും സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റിന് നടുവിലൂടെയുള്ള റോഡും പഞ്ചായത്ത് ആസ്തി രജിസ്റ്റിൽ ഉൾപ്പെടുത്തി നാട്ടുകാരുടെ പൊതു ആവശ്യത്തിന് വിട്ടു നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡിന്റെ സ്ഥലം അളന്നപ്പോൾ കണ്ട വ്യത്യാസമാണ് താൽക്കാലിക തടസ്സത്തിന് കാരണം. ഇത് പരിഹരിച്ച് നടപടി പൂർത്തിയാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. സിറാജുദ്ദീൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

