പേവിഷബാധ; കൈവെടിയരുത് ജാഗ്രത
text_fieldsമലപ്പുറം: ജില്ലയിൽ പെരുവള്ളൂർ പ്രദേശത്ത് പേവിഷബാധ മൂലം പെൺകുട്ടി മരണപ്പെട്ട സാഹചര്യത്തിൽ പൊതുജനങ്ങൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക അറിയിച്ചു. തെരുവുമൃഗങ്ങൾ മാത്രമല്ല വീടുകളിൽ വളർത്തുന്ന നായ്, പൂച്ച എന്നിവ കടിക്കുകയോ, മാന്തുകയോ ചെയ്താൽ പോലും പേവിഷബാധ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ മുറിവ് പറ്റിയ ഭാഗം പതിനഞ്ച് മിനിട്ട് ധാരയായി ഒഴുകുന്ന; ടാപ്പ് തുറന്നു വിട്ട വെള്ളത്തിലോ, കപ്പിൽ കോരി ഒഴിക്കുന്ന വെള്ളത്തിലോ സോപ്പ് ഉപയോഗിച്ച് കഴുകേണ്ടതാണ്. മുറിവ് കെട്ടിവെക്കാൻ പാടുള്ളതല്ല.
എത്രയും വേഗം അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രം/താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫിസറെ കാണിക്കേണ്ടതും പേവിഷബാധക്ക് എതിരെയുള്ള വാക്സിൻ കുത്തിവെപ്പ് ആരംഭിക്കേണ്ടതുമാണ്. ഗുരുതരമായ കാറ്റഗറി 3ൽ പെട്ട കേസുകൾക്ക് വാക്സിന് പുറമെ ഇമ്മ്യൂണോ ഗ്ലോബുലിൻ കുത്തിവെപ്പ് കൂടി എടുക്കേണ്ടതാണ്. വന്യമൃഗങ്ങളുടെ കടിയോ, മാന്തലോ ഉണ്ടായാലും അതും കാറ്റഗറി 3 ആയാണ് പരിഗണിക്കുന്നത്. ജില്ലയിലെ എല്ലാ ജില്ലാ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പേവിഷബാധക്ക് എതിരെയുള്ള പ്രതിരോധ വാക്സിൻ ലഭ്യമാണ്.
ജില്ലയിൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും, ജില്ല ആശുപത്രികളായ പെരിന്തൽമണ്ണ, നിലമ്പൂർ, തിരൂർ എന്നിവിടങ്ങളിലും, മലപ്പുറം, തിരൂരങ്ങാടി, അരീക്കോട്, കൊണ്ടോട്ടി, കുറ്റിപ്പുറം, പൊന്നാനി, എന്നീ താലൂക്ക് ആശുപത്രികളിലും പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഇമ്മ്യൂണോ ഗ്ലോബുലിൻ കുത്തിവെപ്പ് ലഭ്യമാണ്.
വളർത്തുനായ്ക്കൾക്ക് സമയാസമയങ്ങളിൽ വാക്സിനേഷൻ നൽകേണ്ടതാണ്. വാക്സിനേഷൻ എടുത്താലും അവയിൽനിന്ന് കടിയേറ്റാൽ പേവിഷബാധക്കുള്ള വാക്സിൻ എടുക്കേണ്ടതാണ്. സ്ഥിരമായി മൃഗങ്ങളിൽനിന്ന് കടിയേൽക്കാൻ സാധ്യതയുള്ള തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ മുൻകൂട്ടി പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത് നല്ലതാണ്. മുൻകാലങ്ങളിലേതു പോലെ പൊക്കിളിനുചുറ്റും കുത്തിവെക്കുന്ന കഠിനമായ കുത്തിവെപ്പ് രീതിയല്ല ഇന്നുള്ളത്. തൊലിപ്പുറത്തോ, പേശികളിലോ എടുക്കുന്ന ലളിതമായ കുത്തിവെപ്പ് രീതിയാണ് നിലവിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

